Tuesday, December 8, 2009

ഇടതുപക്ഷം : അരൂപിയായ പ്രതിഭാസം

വികലമായ കമ്മ്യൂണീസ്‌റ്റ്‌ സിദ്ധാന്തം -3
ഡോ.. എം..കെ. മൂനീര്‍

സെന്‍ട്രല്‍ കമ്മിറ്റി സാര്‍വകാലികമായി പാര്‍ട്ടിയോട്‌ ആജ്ഞാപിക്കുകയും പാര്‍ട്ടി ജനങ്ങളോട്‌ ആജ്ഞാപിക്കുകയും ചെയ്യുന്ന ദുര്‍ബലമായ ഒരു പാര്‍ട്ടി സംവിധാനത്തെപറ്റി ലക്‌സന്‍ബര്‍ഗ്‌ മുന്‍കൂട്ടി വിഭാവന ചെയ്‌തു. ``ഏകച്ഛത്രാധിപതിയായ സെന്‍ട്രല്‍ കമ്മിറ്റിയും ആജ്ഞാനുവര്‍ത്തികളായ അവയവങ്ങള്‍ മാത്രമായി തരം താഴ്‌ത്തപ്പെടുന്ന ജനസാമാന്യവും'' എന്നാണ്‌ ലക്‌സന്‍ബര്‍ഗ്‌ പ്രവര്‍ത്തന ചക്രത്തെ വിശേഷിപ്പിച്ചത്‌. അവര്‍ പറഞ്ഞു: ``ചരിത്രപരമായി യഥാര്‍ത്ഥ വിപ്ലവ മുന്നേറ്റങ്ങള്‍ ഉണ്ടാക്കുന്ന തെറ്റുകള്‍ ഏറ്റവും ബുദ്ധിയുള്ള ഒരിക്കലും തെറ്റുപറ്റാത്ത, അപ്രമാദിത്വമുള്ള സെന്‍ട്രല്‍ കമ്മിറ്റിയുടെ ശരികളെക്കാള്‍ അളവില്ലാത്ത അത്ര ഫലവത്താണ്‌'' ഇതാണ്‌ ലക്‌സന്‍ബര്‍ഗിന്റെ സ്വേച്ഛാധിപത്യ വിരുദ്ധ - ഭൂരിപക്ഷ - സോഷ്യലിസം (non - authoritarian, majoritarian socialism)

രോഗശയ്യയില്‍ കിടക്കുമ്പോള്‍ തന്റെ ``അള്‍ട്രാസെന്‍ട്രലിസം'' അപകടമാകുമെന്നും സ്റ്റാലിന്‍ അതിനെ ദുരുപയോഗം ചെയ്‌ത്‌ തന്റെ സ്വേച്ഛാധിപത്യ വാഞ്‌ഛകള്‍ക്കായി ദുര്‍വ്യാഖ്യാനം ചെയ്യുന്നുവെന്നും ലെനിന്‌ ബോധ്യമുണ്ടായിരുന്നു. പക്ഷേ നേരെയാക്കാന്‍ പറ്റാത്തവിധം അത്‌ ലെനിന്റെ കൈപ്പിടിയില്‍ നിന്ന്‌ വഴുതിപ്പോയിരുന്നു.

1931ല്‍ ഒരു ജര്‍മ്മന്‍ ജീവചരിത്ര സാഹിത്യകാരന്‍ എമില്‍ ലുഡ്‌വിങ്‌ സ്റ്റാലിനോട്‌ അഭിമുഖത്തില്‍ ചോദിച്ചു: ``കമ്മ്യൂണിസ്റ്റ്‌ അധികാര ശ്രേണിയില്‍ നിങ്ങളുടെ ഉയര്‍ത്തപ്പെട്ട സ്ഥാനത്തെ എങ്ങനെ ന്യായീകരിക്കുന്നു?''

സ്റ്റാലിന്‍ പറഞ്ഞു: ``മാര്‍ക്‌സിസം ``ഹീറോ''കളുടെ സാന്നിദ്ധ്യത്തെ ഒരിക്കലും നിരാകരിക്കുന്നില്ല'' ``ഞാനല്ലെങ്കില്‍ മറ്റാരെങ്കിലും സ്ഥാനത്ത്‌ കയറയിരിക്കും'' എന്ന്‌ കൂട്ടിച്ചേര്‍ക്കുകയും ചെയ്‌തു. എന്നാല്‍ നായക പരിവേഷമെന്ന ``കള്‍ട്ടിന്‌'' ഒരു സൈദ്ധാന്തിക ന്യായീകരണം നല്‍കാന്‍ സ്റ്റാലിനായിട്ടില്ല. people need a star എന്ന സ്റ്റാലിന്‍ പ്രയോഗം അദ്ദേഹത്തെ കൂട്ടുത്തരവാദിത്വമുള്ള നേതൃത്വത്തില്‍ നിന്നും വിഭിന്നമായി ഏകച്ഛത്രാധിപതിയായ നേതാവ്‌ എന്ന ആശയത്തിലെത്തിച്ചു. (The Dictators Richard ovary PageN 102.)

കാറല്‍ മാര്‍ക്‌സ്‌ എന്ന വ്യക്തിയുടെ ദൗര്‍ബല്യങ്ങളും മാര്‍ക്‌സിസ്റ്റ്‌ പ്രത്യയശാസ്‌ത്രത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്‌. ഇതെല്ലാം പ്രത്യയശാസ്‌ത്രത്തെ ഇന്ന്‌ വ്യാഖ്യാനിക്കപ്പെടുന്ന ഇടതുപക്ഷ സങ്കല്‍പങ്ങളില്‍ നിന്നും എപ്പോഴും അകറ്റി നിര്‍ത്തുന്നു.

``മൂലധനത്തെപ്പറ്റി പഠിക്കുന്നതിന്‌ പകരം, ഒരിത്തിരി മൂലധനം ഉണ്ടാക്കിയെങ്കില്‍ എന്ന്‌ മാര്‍ക്‌സിനോട്‌ അമ്മ ആവലാതിപ്പെട്ടു എന്നൊരു കഥയുണ്ട്‌''
(വിമോചന സമരം നയിക്കട്ടെ മാര്‍ക്‌സിസ്റ്റ്‌ നേതാക്കളും - എം.ജി.എസ്‌.നാരായണന്‍, മലയാള മനോരമ ജനുവരി 8-2008)

കാറല്‍മാര്‍ക്‌സിന്റെ പ്രവചനങ്ങളില്‍ എന്തൊക്കെ കാര്യങ്ങള്‍ ശരിയായി. ``നോസ്റ്റര്‍ഡാമസിനെ''പ്പോലെ ലോകത്ത്‌ നടക്കാന്‍ പോകുന്ന പല കാര്യങ്ങളും അദ്ദേഹം പെരുമ്പറകൊട്ടി പ്രഖ്യാപിച്ചു. അതില്‍ എന്തൊക്കെ നടന്നു ജര്‍മ്മനിയിലും ഇംഗ്ലണ്ടിലും കമ്മ്യൂണിസ്റ്റ്‌ വിപ്ലവത്തിന്‌ കാതോര്‍ത്ത്‌ - മാഗ്നിഫൈയിംഗ്‌ ലെന്‍സുമായി കാത്തുകിടന്ന അദ്ദേഹത്തിന്‌ ചുവന്ന പുലരി കാണാതെ കണ്ണടയ്‌ക്കേണ്ടി വന്നു. മുതലാളിത്തത്തിന്‌ വാര്‍ദ്ധക്യമായി എന്ന്‌ പറഞ്ഞ്‌ കുഴിച്ചുമൂടാന്‍ അദ്ദേഹം ഒരുക്കിവെച്ച ശവക്കുഴിയിലേക്ക്‌ തന്റെ സ്വന്തം പ്രത്യയശാസ്‌ത്രത്തെ തന്നെ ഇറക്കിക്കിടത്താനാണ്‌ പിന്‍ഗാമികള്‍ ഒരുങ്ങുന്നത്‌.

ലെനിന്റെ കാലഘട്ടത്തില്‍ തന്നെ അള്‍ട്രാ സെന്‍ട്രലിസം ആരംഭിച്ചെങ്കിലും സ്റ്റാലിന്‍ എന്ന സ്വേച്ഛാധിപതിയാണ്‌ വ്യക്തികേന്ദ്രിതമായ രാഷ്‌ട്രീയത്തിന്‌ ഊടുംപാവും നെയ്‌തത്‌. സ്വയം ഒരു കള്‍ട്ട്‌ ഫിഗറാകാന്‍ സ്റ്റാലിന്‍ നടത്തിയ ആസൂത്രിതമായ ശ്രമങ്ങളാണ്‌ ഇന്ന്‌ നിലനില്‍ക്കുന്ന കമ്മ്യൂണിസ്റ്റ്‌ നേതൃത്വത്തിലേക്കും ആവാഹിക്കപ്പെട്ടിരിക്കുന്നത്‌. കമ്മ്യൂണിസ്റ്റ്‌ അമ്പലങ്ങളിലെ വിഗ്രഹ പ്രതിഷ്‌ഠകളായി ഇവര്‍ ഇന്നും സ്വച്ഛന്ദം വിഹരിക്കുന്നു.

റോസാലക്‌സന്‍ബര്‍ഗിന്റെ പ്രവചന സ്വഭാവമുള്ള കണ്ടെത്തലുകള്‍ ഇന്ത്യന്‍ കമ്മ്യൂണിസത്തിന്റെ അപചയത്തിന്‌ കാരണമായി എന്ന്‌ കണ്ടെത്താനാകും. പ്രകാശ്‌ കാരാട്ടിന്റെ ``സെന്‍ട്രല്‍ കമ്മിറ്റി''യുടെ ആജ്ഞാനുവര്‍ത്തികളായി പാര്‍ട്ടിയും ജനങ്ങളും മാറിയതോടെ കമ്മ്യൂണിസം കാലഹരണപ്പെട്ടു തുടങ്ങി.

സോഷ്യലിസത്തിന്റെ ആശയ പരിസരത്തേക്ക്‌ ഇന്നത്തെ കമ്മ്യൂണിസത്തിന്‌ എത്തിനോക്കാനാവുന്നില്ല എന്നതാണ്‌ വാസ്‌തവം. ചൈനയില്‍ ശാസ്‌ത്രീയ സോഷ്യലിസം വരാന്‍ ഇനിയും 100 വര്‍ഷം കാത്തിരിക്കേണ്ടിവരുമെന്ന പോളിറ്റ്‌ ബ്യൂറോ അംഗം എസ്‌.ആര്‍.പി.യുടെ വാക്കുകള്‍ ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്‌. അപ്പോഴേക്കും അടിസ്ഥാനവര്‍ഗ്ഗം ഭൂമിയില്‍ നിന്ന്‌ നിഷ്‌കാസനം ചെയ്യപ്പെടും. അവര്‍ കൊന്നൊടുക്കപ്പെടും. മാവോയിസ്റ്റുകള്‍ അടക്കമുള്ള ഇടത്‌ ചെറുത്തുനില്‍പ്പുകള്‍ അടിസ്ഥാനവര്‍ഗ്ഗത്തെ വിശ്വാസത്തിലെടുത്താണ്‌ സംഘടിപ്പിക്കപ്പെടുന്നത്‌. ഇത്തരം സംഘങ്ങളെയല്ല, അവ ഉല്‍പാദിപ്പിക്കപ്പെടുന്ന അവസ്ഥയാണ്‌ ഇല്ലായ്‌മ ചെയ്യ്‌പെടേണ്ടത്‌.
റഷ്യയില്‍ കമ്മ്യൂണിസത്തിന്‌ ആണിയടിക്കാന്‍ ഗോര്‍ബച്ചേവ്‌ ഒരു നിമിത്തം മാത്രമായിരുന്നു. ചൈനയില്‍ ഡെങ്‌സിവോപെങ്‌ വ്യവസായവല്‍ക്കരണത്തെയാണ്‌ ആയുധമാക്കിയത്‌. ചൈനയുടെ ഭാഗമാക്കുന്നതിന്‌ മുമ്പ്‌ മുതലാളിത്ത സിദ്ധാന്തങ്ങളുടെ പരീക്ഷണ ഭൂമിയായി അദ്ദേഹം ഹോങ്കോങിനെ ഉപയോഗിച്ചു. പില്‍ക്കാലത്ത്‌ ചൈന മുതലാളിത്തത്തെ സിരകളിലേക്ക്‌ ആവാഹിക്കുന്നത്‌ നാം കണ്ടു.
സാമ്രാജ്യത്വ വിരുദ്ധതകൊണ്ടു മാത്രം ഇടതുപക്ഷമാവാമെന്ന്‌ തെറ്റിദ്ധരിച്ചവരാണ്‌ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകളെന്ന്‌ ഈയിടെയുള്ള അവരുടെ പെരുമാറ്റം കണ്ടാല്‍ സംശയം തോന്നാം. .എം.എഫ്‌, .ഡി.ബി, ലോകബാങ്ക്‌ തുടങ്ങിയ സാമ്രാജ്യത്വത്തിന്‌ മേല്‍ക്കൈയുള്ള മൂലധന ഉപാധികളെ സ്വയം വരിക്കുന്ന ഇപ്പോഴത്തെ ഇടതുപക്ഷത്തിന്റെ സാമ്രാജ്യത്വ വിരുദ്ധത ഹിപ്പോക്രസിയാണ്‌. ഇങ്ങനെ വലതുവല്‍ക്കരണത്തിന്റെ അങ്ങേ അറ്റത്തേക്ക്‌ ഇടതുപക്ഷമെന്ന്‌ സ്വയം വിശേഷിപ്പിച്ചവര്‍ പൊയ്‌പ്പോയപ്പോഴാണ്‌ അടിസ്ഥാന വര്‍ഗ്ഗം തങ്ങളുടെ സമരങ്ങളെ ഒരു തൂണിന്റെയും സഹായമില്ലാതെ സ്വയം ഏറ്റെടുത്തു നടത്തിയത്‌. ചെങ്ങറ സമരം അതിന്‌ ഉദാഹരണമാണ്‌. യഥാര്‍ത്ഥ ഇടതുപക്ഷം ചില കമ്പാര്‍ട്ടുമെന്റുകളിലേക്ക്‌ ചുരുങ്ങി കഷ്‌ണം കഷ്‌ണമായി മാറി. ദലിത്‌ മുന്നേറ്റത്തിന്‌ ഒരു ഇടതുപക്ഷം, പരിസ്ഥിതിക്ക്‌ മറ്റൊന്ന്‌, സ്‌ത്രീ വിമോചനത്തിനും വേറെ വേറെ. അങ്ങനെ എല്ലാവരും പുതിയ ``ഇടതുപക്ഷത്തിന്റെ'' നിര്‍മ്മിതിയിലാണ്‌.

സ്യൂഡോ ലെഫ്‌റ്റിസം (pseudoLeftism) കൊണ്ടുനടക്കുന്നവര്‍ മതത്തിന്റെ പേരില്‍ സംഘടിച്ച പ്രസ്ഥാനങ്ങളിലും കാണാം. സോളിഡാരിറ്റിയെപ്പോലുള്ള സംഘടനകള്‍ തങ്ങള്‍ ഇടതുപക്ഷമാണെന്ന ധാരണയുണ്ടാക്കാന്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍, മനുഷ്യാവകാശ വിഷയങ്ങള്‍ എന്നിവയെല്ലാം ഉയര്‍ത്തിപ്പിടിച്ച്‌ സമരങ്ങള്‍ സംഘടിപ്പിക്കുന്നു. ഇടതുപക്ഷ പാര്‍ട്ടികള്‍ എന്ന്‌ വിശേഷിപ്പിക്കുന്നവരോടൊപ്പം ചേര്‍ന്ന്‌ നില്‍ക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. വൈരുദ്ധ്യാധിഷ്‌ഠിത ഭൗതിക വാദത്തെയും ദൈവ ഭരണത്തിന്‌ വേണ്ടിയുള്ള മുന്നേറ്റത്തെയും ഒരുമിച്ച്‌ കൊണ്ടുപോകാനുള്ള പ്രേരണ സ്യൂഡോ ലെഫ്‌റ്റിസം അവര്‍ക്ക്‌ നല്‍കുന്നു. മൗദൂദിയില്‍ കാള്‍ മാര്‍ക്‌സിന്റെ കൃതികളുണ്ടാക്കിയ സ്വാധീനം അതിന്‌ കാരണമായിട്ടുണ്ടാകാം.

ചില തീവ്രവാദ പ്രസ്ഥാനങ്ങള്‍ അവരെ സ്വയം ഇടതുപക്ഷത്തിന്‌ പകരം വെക്കാന്‍ ശ്രമിക്കുന്നുമുണ്ട്‌. ഇതിന്റെ ഭാഗമായി സോഷ്യലിസ്റ്റ്‌, ഡെമോക്രാറ്റിക്‌ എന്നീ പദങ്ങളെ പാര്‍ട്ടി പേരില്‍ ഉള്‍ച്ചേര്‍ത്തതായി കാണാം. (എസ്‌.ഡി.പി.) അതിന്‌ മുമ്പ്‌ അവര്‍ സ്വീകരിച്ച പോപ്പുലര്‍ ഫ്രണ്ട്‌ എന്ന പേര്‌, ക്വിറ്റ്‌ ഇന്ത്യാ സമരത്തെ ബഹിഷ്‌കരിച്ച ഇന്ത്യയിലെ ദേശീയ മുന്നേറ്റത്തിലെ കമ്മ്യൂണിസ്റ്റ്‌ പക്ഷം ഫാഷിസത്തെ നേരിടാന്‍ അണിചേര്‍ന്ന ലോക കമ്മ്യൂണിസ്റ്റ്‌ ചേരിയുടെ അതേ പേരാണ്‌. സാദൃശ്യം യാദൃശ്‌ഛികമല്ല. ഇടതുപക്ഷമെന്നത്‌ അരൂപിയായ ഒരു പ്രതിഭാസമാണ്‌. അതിന്‌ പ്രത്യേക നിര്‍വ്വചനങ്ങളില്ല. അതുകൊണ്ടുതന്നെ ഇടത്‌ സ്വഭാവം എല്ലാ വിഭാഗങ്ങളിലും വ്യാപിച്ചുകിടക്കുന്നുണ്ടാകാം.
(പൂര്‍ണ്ണം)

-ചന്ദ്രിക ദിനപത്രം

Sunday, December 6, 2009

മാവോയിസ്‌റ്റുകള്‍ ഏതു പക്ഷത്ത്‌ ?

വികലമായ കമ്മ്യൂണിസ്റ്റ്‌ സിദ്ധാന്തം (2)
ഡോ. എം.കെ. മുനീര്‍

ന്‍മയുടെയും തിന്‍മകളോടുള്ള പ്രതിരോധത്തിന്റെയും പക്ഷത്തെയാണ്‌ ഇടതുപക്ഷമെന്ന്‌വിവക്ഷിക്കുന്നതെങ്കില്‍ ഈ നിരീക്ഷണത്തിന്റെ പരിധിയില്‍ മാധ്യമങ്ങളെയുംഉള്‍പ്പെടുത്താവുന്നതാണ്‌. എന്നാല്‍ മാധ്യമങ്ങളെ സിന്‍ഡിക്കേറ്റ്‌ എന്നും സി.ഐ.എ. ഏജന്റെന്നുംവിശേഷിപ്പിച്ച്‌ ദുര്‍ബലപ്പെടുത്താനാണ്‌ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി എന്നും ശ്രമിച്ചിട്ടുള്ളത്‌. ഫാഷിസംപോലുള്ള നശീകരണ പ്രത്യയശാസ്‌ത്രങ്ങളെ വലതുപക്ഷമെന്ന്‌ വായിക്കാം. ഇവിടെ ചിലചോദ്യങ്ങള്‍ ഉയര്‍ന്നുവരാവുന്നതാണ്‌. മാവോയിസ്റ്റുകള്‍ ഇടതോ വലതോ എന്നതാണ്‌ അതിലൊന്ന്‌. ബംഗാളിലെ നക്‌സല്‍ബാരി ജില്ലയില്‍ രൂപംകൊണ്ട നക്‌സലൈറ്റുകള്‍ ഇടതുപക്ഷമാണോ?

ചാരുമജൂംദാര്‍ വിഭാവനം ചെയ്‌ത - അഗ്രേറിയന്‍ റെവല്യൂഷന്‍- ഇടതുപക്ഷ വിപ്ലവമായി മാര്‍ക്‌സിസ്റ്റ്‌പാര്‍ട്ടി കാണുന്നുണ്ടോ? അവരും ചൈനാ പക്ഷക്കാരായിരുന്നു. മാവോയിസ്റ്റുകളുമാണ്‌. നക്‌സലുകള്‍പറയുന്നത്‌ അവര്‍ പ്രോലിറ്റേറിയനുവേണ്ടി നിലകൊള്ളുന്നു എന്നാണ്‌. നമ്മുടെ അയല്‍രാജ്യമായനേപ്പാളില്‍ അധികാരത്തില്‍ എത്തിയ മാവോയിസ്റ്റുകള്‍ വലതുപക്ഷ നയങ്ങള്‍ നടപ്പിലാക്കാന്‍നിര്‍ബന്ധിതമായതാണ്‌ ഇടതിനെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ പരിഹാസ്യമാക്കുന്ന ഒടുവിലത്തെഉദാഹരണം.
മാര്‍ക്‌സിസ്റ്റ്‌പാര്‍ട്ടി കേഡറുകള്‍ നന്ദിഗ്രാമില്‍ പോലീസിനൊപ്പം ചേര്‍ന്ന്‌ അവിടത്തെ വയലുകളില്‍അടിസ്ഥാനവര്‍ഗ്ഗമായ കര്‍ഷകനെ വെടിവെച്ചുകൊല്ലുകയായിരുന്നു. നാംമനസ്സിലാക്കേണ്ടതെന്താണ്‌?

കര്‍ഷകനോടൊപ്പം, ആദിവാസിയോടൊപ്പം അവന്റെ ഭൂമിക്കുവേണ്ടിപോരടിക്കുന്ന നക്‌സലുകളോ സ്വന്തം കൃഷിഭൂമിയില്‍ കര്‍ഷകന്റെ നെഞ്ചിലേക്ക്‌ വെടിയുതിര്‍ക്കുന്നമാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയോ യഥാര്‍ത്ഥ ഇടതുപക്ഷം? സി.പി.എം. ഇടതാണോ എന്നും ചോദിക്കാം. ബംഗ്ലാദേശില്‍നിന്നും കുടിയേറ്റം നടത്തിയ അഭയാര്‍ത്ഥികളെ സംരക്ഷിക്കേണ്ടത്‌ ഇടതുപക്ഷത്തിന്റെബാദ്ധ്യതയാണെന്ന്‌ സി.പി.എമ്മിന്റെ ബംഗാള്‍ ഘടകം ഒരുകാലത്ത്‌ പറഞ്ഞിരുന്നു. അവരുടെകടന്നുകയറ്റം രാജ്യദ്രോഹത്തിന്റെ പട്ടികയില്‍പ്പെടുത്തേണ്ടതല്ലെന്നും മറിച്ച്‌ മനുഷ്യത്വംനോക്കിപ്രവര്‍ത്തിക്കുകയാണ്‌ വേണ്ടതെന്നും അന്ന്‌ ജ്യോതിബസു അടക്കമുള്ള കമ്മ്യൂണിസ്റ്റുകള്‍ പറഞ്ഞു. എന്നാല്‍ 1977-ല്‍ പശ്ചിമബംഗാളിന്റെ അധികാരം പാര്‍ട്ടിക്ക്‌ കിട്ടിയപ്പോള്‍ ഇതേ ജ്യോതിബസുതന്നെനിലപാട്‌ മാറ്റി. കാടുകള്‍ സംരക്ഷിക്കുക എന്നതാണ്‌ ഇടതുപക്ഷത്തിന്റെ നയമെന്നും അതിനാല്‍അഭയാര്‍ത്ഥികളുടെ കുടിയേറ്റം ഇടത്‌ നയത്തിന്‌ എതിരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരിസ്ഥിതിയോടൊപ്പമാണ്‌ സി.പി.എം. എന്നുവന്നു. തങ്ങള്‍ ഇടതായതിനാല്‍ വനഭൂമിസംരക്ഷിക്കുമെന്നായിരുന്നു പ്രഖ്യാപനം. കാടുവിട്ടു പോകാത്ത അഭയാര്‍ത്ഥികളെ ഒന്നടങ്കം വെടിവെച്ചുകൊല്ലുകയാണ്‌ ഇടതുപക്ഷത്തിന്റെ പേരില്‍ അന്നത്തെ സി.പി.എം. സര്‍ക്കാര്‍ ചെയ്‌തത്‌.
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍ ഓരോ കാലത്തും അവരുടെ ഇഷ്‌ടത്തിനനുസരിച്ച്‌ ഇടതുപക്ഷത്തെനിര്‍വ്വചിക്കുകയായിരുന്നു എന്നതിന്‌ ഈയൊരു ഉദാഹരണം മതിയാകും. അഭയാര്‍ത്ഥികളെവെടിവെച്ചുവീഴ്‌ത്തിയ അതേ കാട്ടിലാണ്‌ പിന്നീട്‌ സി.പി.എം. പാര്‍ട്ടി പ്രവര്‍ത്തകരെ താമസിപ്പിച്ച്‌ക്യാമ്പ്‌ നടത്തിയത്‌. അപ്പോള്‍ പരിസ്ഥിതിയുടെ ഇടതുപക്ഷമെന്ന വ്യാഖ്യാനമെല്ലാം വെള്ളത്തിലായി.

ബംഗാളില്‍ നന്ദിഗ്രാമിലും കേരളത്തില്‍ ചെങ്ങറയിലും സി.പി.എമ്മിന്റെ ഈ ഇരട്ടത്താപ്പ്‌വ്യക്തമായതാണ്‌. ലാല്‍ഗഡിലെ മാവോയിസ്റ്റുകള്‍ ഇടതുപക്ഷമല്ല എന്നാണ്‌ സി.പി.എം. സെക്രട്ടറിപ്രകാശ്‌ കാരാട്ട്‌ ഏറ്റവുമൊടുവില്‍ കണ്ടെത്തിയത്‌. മനുഷ്യരെ കൊല്ലുന്ന ഇടതുപക്ഷമല്ല തങ്ങളെന്ന്‌പ്രകാശ്‌ കാരാട്ട്‌ പറയുമ്പോള്‍ തന്നെയാണ്‌ നന്ദിഗ്രാമിന്റെ കറുത്തചിത്രം നമുക്കുമുമ്പില്‍ തെളിയുന്നത്‌. ഇടതുപക്ഷമെന്നാല്‍ എന്താണെന്ന്‌ അവര്‍ക്കുതന്നെ നിര്‍ണ്ണയിക്കാനാവാത്ത അവസ്ഥ. നന്ദിഗ്രാമില്‍വികസനം ഇടത്‌ ലേബലിലായപ്പോള്‍ അടിസ്ഥാനവര്‍ഗ്ഗം വലതുപക്ഷമായി. മുതലാളിത്തത്തെ ചുവപ്പ്‌പരവതാനി വിരിച്ച്‌ സ്വീകരിക്കുന്നതും ഇടതുപക്ഷത്തില്‍ എണ്ണപ്പെട്ടു. കാപട്യങ്ങളുടെ ഈ പരമ്പരഇടതുപക്ഷമെന്ന പ്രയോഗത്തെതന്നെ അശ്ലീലമാക്കി. അങ്ങനെയൊരു വാക്കിന്റെ ആവശ്യംതന്നെചോദ്യംചെയ്യപ്പെട്ടു.


പരിസ്ഥിതി അടക്കമുള്ള വിഷയങ്ങളില്‍ സമൂഹനന്‍മ എന്നാണ്‌ ഇടതുപക്ഷംകൊണ്ട്‌അര്‍ത്ഥമാക്കേണ്ടത്‌. എന്നാല്‍ മാര്‍ക്‌സിസ്റ്റ്‌ വിവക്ഷയില്‍ പരിസ്ഥിതി, ദളിത്‌, ആദിവാസിതുടങ്ങിയവയൊന്നും പരിഗണനയില്‍ വരുന്നില്ല. അതുകൊണ്ടാവാം ചെങ്ങറയില്‍ സി.പി.എം. ആദിവാസികള്‍ക്ക്‌ എതിരായത്‌. വികസനത്തിന്റെ ഇടതുപക്ഷത്ത്‌ പ്രതിരോധത്തിന്റെ ഇടതുകള്‍ക്ക്‌സാദ്ധ്യത നഷ്‌ടപ്പെടുന്ന കാഴ്‌ചയാണ്‌ കുറേക്കാലമായി കേരളം കണ്ടുകൊണ്ടിരിക്കുന്നത്‌. പ്രത്യയശാസ്‌ത്രത്തിന്റെ പരാജയം എന്ന്‌ ഈ വ്യതിയാനങ്ങളെ ചുരുക്കിപ്പറയാവുന്നതാണ്‌. മാര്‍ക്‌സിസം കാലത്തെ അതിജീവിക്കുമോ എന്ന ചോദ്യം ഇവിടെ പ്രസക്തമാകുന്നു.


കമ്മ്യൂണിസം തൊട്ടടുത്ത ഭാവിക്കുവേണ്ടി മാത്രമുള്ള അത്യാവശ്യ മാതൃകയും ചലനാത്മകത്വവും ആണ്‌. അത്‌ മാനവീയമായ വികാസത്തെ ലക്ഷ്യംവെക്കുന്നതല്ല എന്ന്‌ കാള്‍മാര്‍ക്‌സ്‌ തന്നെ പറഞ്ഞിരിക്കെമാര്‍ക്‌സിസം ശാശ്വതവും കാലഹരണപ്പെടാത്തതുമായ പ്രത്യയശാസ്‌ത്രമാണെന്ന്‌ വാദിക്കുന്നതില്‍അര്‍ത്ഥമില്ല. അതുകൊണ്ടുതന്നെ അവര്‍ ഇപ്പോള്‍ പറയുന്ന ഇടതുപക്ഷവും ആകാന്‍ ഈകാലഘട്ടത്തില്‍ മാര്‍ക്‌സിസത്തിനാകില്ല എന്നത്‌ സ്വാഭാവികം. മാത്രമല്ല, മാര്‍ക്‌സിസം ഇന്ന്‌പൂര്‍ണ്ണമായും വ്യക്ത്യധിഷ്‌ഠിതമായിരിക്കുന്നു. എന്നാല്‍ കാള്‍ മാര്‍ക്‌സ്‌, വ്യക്തി അപ്രസക്തനാണെന്നുംസമൂഹമാണ്‌ ചാലകശക്തിയെന്നും വാദിച്ചു.
(Marxism and history: mattperry Palgrave publishers Ltd., Page 42, 43)
തന്റെ തലമുറയിലെ സ്വയം സൃഷ്‌ടിക്കപ്പെട്ട, സ്വയം പര്യാപ്‌തനാണ്‌ എന്ന്‌ വിശ്വസിക്കുന്നസ്വതന്ത്രരായ റോബിന്‍സണ്‍ ക്രൂസോമാരെ മാര്‍ക്‌സ്‌ കണക്കിന്‌ കളിയാക്കിയിരുന്നു. (ദാനിയല്‍ദീഫോ 1719-ല്‍ രചിച്ച റോബിന്‍സണ്‍ ക്രൂസോയെ ഓര്‍ത്തുകൊണ്ട്‌)

മാര്‍ക്‌സ്‌ Thesis of feuer bach (1845) യില്‍ പറയുന്നു: ``മനുഷ്യ പ്രകൃതം ഓരോ വ്യക്തിയിലുംജന്‍മസിദ്ധമായി അന്തര്‍ലീനമല്ല, മറിച്ച്‌ അത്‌ സമൂഹത്തില്‍ പടര്‍ന്നുകിടക്കുന്നു. അതിനാല്‍വ്യക്തിയുടെ പ്രബുദ്ധത എന്നാല്‍ സാമൂഹ്യബന്ധങ്ങളുടെ സമഷ്‌ടിയാണ്‌.'?

മാര്‍ക്‌സിന്റെ കുഴപ്പിക്കുന്ന ഒരു വാദമുണ്ട്‌. ``ചരിത്രം ഒറ്റതിരിഞ്ഞ വ്യക്തികളുടെ സംഗ്രഹം മാത്രംഉള്‍ക്കൊള്ളുന്നതാകുമ്പോള്‍, അത്‌ ദുരാഗ്രഹമാണ്‌. ഓരോ മനുഷ്യനും അവന്‍ വലുതോ ചെറുതോആകട്ടെ അവന്‍ ചരിത്രത്തെ രൂപപ്പെടുത്തുക മാത്രമല്ല ചരിത്രത്തില്‍ അവന്‍ സ്വയം രൂപപ്പെടുകയുംചെയ്യുന്നുണ്ട്‌.'?

വ്യക്തികളുടെ പ്രയത്‌നങ്ങളുടെ ആകെത്തുകയാണ്‌ ചരിത്രത്തെ രൂപവല്‍ക്കരിക്കുന്നത്‌. പക്ഷേ വ്യക്തിഎല്ലാ ശക്തിയും ആര്‍ജ്ജിച്ച്‌ ചരിത്രശക്തി ആണെന്ന്‌ വിശ്വസിക്കാനാകുന്നില്ല. എന്നതാണ്‌മാര്‍ക്‌സിന്റെ പക്ഷം. ചരിത്രത്തില്‍ ചില മുഹൂര്‍ത്തങ്ങളെ നെപ്പോളിയന്‍ 1-ഉം, ബിസ്‌മാര്‍ക്കുംഉയര്‍ത്തിപ്പിടിച്ചു. പക്ഷേ അതേ ചരിത്രംതന്നെ അവരെ വിനയാന്വിതരാക്കി നാണംകെടുത്തി. പലപ്പോഴായി യൂറോപ്പിനെ തന്റെ മുമ്പില്‍വെച്ച്‌ തൂത്തുവാരി കയ്യിലെടുത്ത നെപ്പോളിയനു സെന്റ്‌ഹലീന ദ്വീപില്‍ ജീവിതം തകര്‍ന്ന്‌ പരാജയംപൂകി ഒടുങ്ങേണ്ടിവന്നു. രാജകീയ വ്യക്തികളുടെ ഭാവിയുംനിര്‍ണ്ണയിക്കപ്പെടുന്നത്‌ മറ്റൊരു ജനതയുടെ പ്രവൃത്തിയിലൂടെയാണ്‌. (Engels. Ludwig Feuer bach. P. 612).

എന്നാല്‍ പിന്നീട്‌ കമ്മ്യൂണിസം വ്യക്തിയില്‍ മാത്രം അധിഷ്‌ഠിതമായി. ലെനിന്‍, സ്റ്റാലിന്‍, മാവോസേതൂങ്‌, ഫിഡല്‍കാസ്‌ട്രോ തുടങ്ങിയ വ്യക്തികള്‍ക്ക്‌ ചുറ്റും കറങ്ങുന്ന കമ്മ്യൂണിസത്തെചരിത്രത്തില്‍നിന്ന്‌ നമുക്ക്‌ വായിച്ചെടുക്കാനാവും.
ഇന്നത്തെ ഇടതുപക്ഷ ചിന്താധാരക്ക്‌ ഏറ്റിരിക്കുന്ന ഏറ്റവും വലിയ ആഘാതവും വ്യക്ത്യാധിഷ്‌ഠിതമായപ്രതിഷ്‌ഠകളാണ്‌. അത്‌ ലെനിനിസത്തിലേക്ക്‌ മടങ്ങാത്തതിന്റെ ദോഷമാണെന്നാണ്‌ പ്രകാശ്‌ കാരാട്ട്‌അടക്കം ധരിച്ചിരിക്കുന്നത്‌. എന്നാല്‍ ഈ വിപത്ത്‌ ലെനിന്റെ അള്‍ട്രാ സെന്‍ട്രലിസം (Ultra Centralism) എന്ന ആശയത്തിന്റെ ഉല്‍പ്പന്നമാണ്‌. ആ അള്‍ട്രാ സെന്‍ട്രലിസത്തെ ലെനിന്റെകാലശേഷം സ്റ്റാലിന്‍ സൗകര്യപൂര്‍വ്വം പാര്‍ട്ടി സെക്രട്ടറിയുടെ സ്വേച്ഛാധിപത്യമാക്കിമാറ്റി. അതാണ്‌ഇന്ന്‌ നമുക്കിടയില്‍ കാണുന്ന മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിക്കും സംഭവിച്ചിരിക്കുന്നത്‌. റോസാലക്‌സന്‍ബര്‍ഗിന്റെ ചിന്തകള്‍ക്ക്‌ പ്രാധാന്യം നല്‍കിയിരുന്നെങ്കില്‍ അടിസ്ഥാന വര്‍ഗ്ഗത്തിന്റെശബ്‌ദത്തിന്‌ ഇന്ന്‌ വിലയുണ്ടാകുമായിരുന്നു. ലെനിന്റെ ജനാധിപത്യ കേന്ദ്രീകരണത്തെ ആകാലഘട്ടത്തില്‍തന്നെ ജീവിച്ച റോസാ ലക്‌സന്‍ബര്‍ഗ്‌ എന്ന ജര്‍മ്മന്‍ കമ്മ്യൂണിസ്റ്റ്‌ ചിന്തകശക്തമായി എതിര്‍ത്തിരുന്നു. (ജനശക്തി - ഉമേഷ്‌ബാബു കെ.സി. 2009 ജൂണ്‍ 6-12. ലെനിന്‍, റോസ, വി.എസ്‌. പേജ്‌. 19)

1919 ജനുവരി 13-ന്‌ ലെനിന്റെ മരണത്തിനും അഞ്ച്‌ വര്‍ഷം മുമ്പ്‌ ജര്‍മ്മന്‍ വലതുപക്ഷത്താല്‍കൊലചെയ്യപ്പെട്ട റോസോ ലക്‌സന്‍ബര്‍ഗ്‌, റഷ്യന്‍ പരീക്ഷണത്തെക്കുറിച്ചെഴുതിയ വിമര്‍ശനങ്ങള്‍അതിശയങ്ങളായിരുന്നു. റോസാ ലക്‌സന്‍ബര്‍ഗിന്റെ പല ലേഖനങ്ങളും സോവിയറ്റ്‌ യൂണിയന്റെതകര്‍ച്ചക്കുശേഷം റഷ്യന്‍ ആര്‍ക്കൈവില്‍നിന്ന്‌ കണ്ടെടുക്കുകയായിരുന്നു. റഷ്യന്‍ ``സ്റ്റീരിയോടൈപ്പ്‌'' നേതാക്കന്‍മാര്‍ കമ്മ്യൂണിസത്തെക്കുറിച്ചുള്ള വ്യത്യസ്‌തമായ ചര്‍ച്ച ഉയര്‍ന്നുവരാതിരിക്കാന്‍ പ്രത്യേകംശ്രദ്ധിച്ചു എന്നര്‍ത്ഥം അള്‍ട്രാ സെന്‍ട്രലിസം എന്ന അപകടം തുറന്നുവെച്ച ലെനിനെയാണ്‌സേച്ഛ്വാധിപത്യത്തിന്റെ സിംഹാസനത്തില്‍ കയറാന്‍ സ്റ്റാലിന്‍ അഗ്രദൂതനായിഉപയോഗപ്പെടുത്തിയത്‌. 1904-ല്‍ ഈ അള്‍ട്രാ സെന്‍ട്രലിസത്തെ ``ഓര്‍ഗനൈസേഷനല്‍ക്വസ്‌റഖിന്‍സ്‌ ഓഫ്‌ റഷ്യന്‍ സോഷ്യല്‍ ഡെമോക്രസി'' എന്ന ലേഖനത്തില്‍ റോസാ ലക്‌സന്‍ബര്‍ഗ്‌ചോദ്യംചെയ്യുന്നുണ്ട്‌. സോഷ്യല്‍ ഡമോക്രാറ്റിക്‌ സെന്‍ട്രലിസം ഒരിക്കലും ഔദ്യോഗിക പാര്‍ട്ടിനേതൃത്വത്തിനോടുള്ള പാര്‍ട്ടി അംഗത്തിന്റെ യാന്ത്രിക അടിമത്തത്തിന്റെയും അന്ധമായവിധേയത്തത്തിന്റെയും അടിസ്ഥാനത്തിലാകാന്‍ പാടില്ല എന്നവര്‍ വ്യക്തമാക്കി.

ലെനിന്‍ തൊഴിലാളിവര്‍ഗ്ഗപോരാട്ടത്തിന്‌ നേതൃത്വം കൊടുക്കാന്‍ അവര്‍ക്കിടയില്‍നിന്നുതന്നെ ഒരുപ്രമാണി വിഭാഗത്തെ'' മുന്നില്‍ നിര്‍ത്തണമെന്ന്‌ കരുതിയിരുന്നു. ഈ പുതിയ ആശയത്തിന്റെപ്രവര്‍ത്തന രീതിയെ ലക്‌സന്‍ബര്‍ഗ്‌ വിമര്‍ശിച്ചു. തൊഴിലാളിവര്‍ഗ പാര്‍ട്ടിയുടെ ദൗത്യംജനസാമാന്യത്തിനിടയില്‍ വിപ്ലവവാഞ്‌ഛ ഉണ്ടാക്കുകയും അവരില്‍ സോഷ്യലിസ്റ്റ്‌ ചിന്തകത്തിച്ചുവെക്കുകയും ചെയ്യുക എന്നതാണ്‌. അത്‌ ഉപജാപക മാര്‍ഗ്ഗങ്ങളിലൂടെ സാധ്യമല്ലഎന്നതായിരുന്നു റോസാ ലക്‌സന്‍ബര്‍ഗിന്റെ ആശയം.

ലെനിന്റെ ``അള്‍ട്രാ സെന്‍ട്രലിസത്തെ'' ലക്‌സന്‍ബര്‍ഗ്‌ എതിര്‍ക്കാന്‍ കാരണം. പാര്‍ട്ടിയും ജനങ്ങളുംനോക്കുകുത്തിയായി മാറുകയും ``സെന്‍ട്രല്‍ കമ്മിറ്റി'' മാത്രം ചിന്തിക്കുകയും ചെയ്യുന്നഅവസ്ഥയുണ്ടാകുമെന്ന്‌ വിശ്വസിച്ചതുകൊണ്ടാണ്‌. ലെനിന്റെ അദ്ധ്വാനവര്‍ഗ്ഗത്തെക്കുറിച്ചുള്ളസുദൃഢമായ പുച്ഛം - അവരുടെ അയത്‌നലളിതമായ വികാസത്തിലും ആത്മപ്രചോദിതത്വത്തിലുമുള്ളഅവിശ്വാസം എന്നിവയെ ലക്‌സന്‍ബര്‍ഗ്‌ അതി നിശിതമായി വിമര്‍ശിച്ചിരുന്നു. (തീര്‍ന്നില്ല)
-
ചന്ദ്രിക ദിനപത്രം




Thursday, December 3, 2009

വികലമായ കമ്മ്യൂണിസ്‌റ്റ്‌ സിദ്ധാന്തം

ഇടതുപക്ഷം എന്ന പദത്തിന്‌ പ്രത്യേകമായ ഒരു വിവക്ഷയില്ല. അങ്ങനെ ഒരു സങ്കല്‍പ്പം കേവലം മിഥ്യയാണ്‌. ലെനിന്റെ കാലത്ത്‌ 1918-ല്‍ കമ്മ്യൂണിസ്റ്റ്‌ റഷ്യയിലാണ്‌ ഇങ്ങനെയൊരു സംജ്ഞ രൂപപ്പെടുന്നത്‌. ലെനിനിസ്റ്റ്‌ തത്വങ്ങളോട്‌ വിയോജിപ്പ്‌ പ്രകടിപ്പിച്ചവരെയാണ്‌ പൊതുവില്‍ അന്ന്‌ ഇടതുപക്ഷം എന്നു വിളിച്ചത്‌. ലെനിനെതിരായ പ്രതികരണങ്ങളുടെ അടിസ്ഥാനത്തില്‍ ഇവരെ ഇടതു കമ്മ്യൂണിസ്റ്റുകള്‍ എന്നു വിളിച്ചു. നിക്കോളെ ബുക്കാറിനാണ്‌ ഈ ഗ്രൂപ്പിന്‌ നേതൃത്വം കൊടുത്തത്‌. വികസനം പൂര്‍ത്തിയാക്കാത്ത റഷ്യയില്‍ സോഷ്യലിസത്തിന്റെ നിര്‍മ്മാണം സാദ്ധ്യമല്ല എന്നും പടിഞ്ഞാറന്‍ യൂറോപ്പിലെ മറ്റ്‌ സോഷ്യലിസ്റ്റ്‌ വിപ്ലവങ്ങളുടെ വിജയത്തിനു ശേഷമേ അത്‌ സാദ്ധ്യമാകൂ എന്നുമാണ്‌ ഇടത്‌ കമ്മ്യൂണിസ്റ്റുകള്‍ പറഞ്ഞത്‌. വ്യവസായ വിഷയങ്ങളില്‍ അടിസ്ഥാനവര്‍ഗം സാമ്പത്തികരംഗം കൈയടക്കണമെന്നും 1917-ല്‍ നിലവില്‍ വന്ന വ്യവസായ സംരംഭങ്ങള്‍ അതിന്റെ മുന്നോടിയാണെന്നും അവര്‍ പറഞ്ഞു.

തുടക്കത്തില്‍ ഈ വിഭാഗം പാര്‍ട്ടിയില്‍ വലിയ സ്വാധീനമുണ്ടാക്കി. സുപ്രീം കൗണ്‍സില്‍ ഓഫ്‌ നാഷണല്‍ എക്കോണമി (എസ്‌.സി.എന്‍.ഇ.) ഇടത്‌ കമ്മ്യൂണിസ്റ്റുകളുടെ കൈപ്പടിയിലായിരുന്നു. സമാധാനമല്ല, വിപ്ലവമാണ്‌ ശരിയെന്ന ഇവരുടെ അഭിപ്രായത്തിന്‌ ആദ്യഘട്ടത്തില്‍ പാര്‍ട്ടിയില്‍ ശക്തമായ പിന്തുണയുണ്ടായി. 1918-ലെ ഏഴാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഈ വിഭാഗത്തെ പരാജയപ്പെടുത്തി ബ്രെസ്റ്റ്‌-ലിറ്റോവ്‌ഡ്‌ക്‌ സമാധാന ശ്രമങ്ങളെ പാര്‍ട്ടി കോണ്‍ഗ്രസ്‌ പിന്തുണച്ചു. അതോടെ എസ്‌.സി.എന്‍.ഇ.യില്‍നിന്ന്‌ ഇടത്‌ കമ്മ്യൂണിസ്റ്റുകള്‍ പുറത്തായി. എല്ലാ വ്യവസായങ്ങളും ദേശസാല്‍ക്കരിച്ചപ്പോള്‍, ഇപ്പോള്‍ ശരിയായ സാമ്പത്തികനയം രൂപപ്പെട്ടു എന്നു പറഞ്ഞ്‌ ഇടത്‌ കമ്മ്യൂണിസ്റ്റുകളിലെ ഭൂരിഭാഗം ആളുകളും ലെനിന്‍ പക്ഷത്തേക്ക്‌ തിരിച്ചുപോയതോടെ ഇടത്‌ കമ്മ്യൂണിസ്റ്റുകളുടെ യുഗം അവസാനിച്ചു. റഷ്യ, ഇറ്റലി, ജര്‍മ്മനി എന്നീ രാജ്യങ്ങളിലെ ഇടത്‌ കമ്മ്യൂണിസ്റ്റുകള്‍ക്ക്‌ റോസാ ലക്‌സന്‍ബര്‍ഗ്‌ ഒരു മാര്‍ഗ്ഗദീപമായിരുന്നു. ഹെര്‍മന്‍ഗോര്‍ട്ടര്‍, കാള്‍ കോര്‍ഷ്‌, പോള്‍ മാറ്റിക്‌, ക്ലോഡേ മാക്‌കേ, മാക്‌സിമില്യന്‍ റുബന്‍ എന്നിവര്‍ അതിന്റെ പ്രചാരകരായി. ഇതിന്‌ പുറമേ പീറ്റര്‍ ക്രോപോക്കിന്റെയും മുറേ ബൂക്ക്‌ചിന്നന്റെയും അനാര്‍കോ കമ്മ്യൂണിസവും (അിമൃരവീ രീാാൗിശാെ) ലക്‌സന്‍ബര്‍ഗിസ്റ്റുകളുടെ ലിബര്‍ട്ടേറിയന്‍ കമ്മ്യൂണിസവും (ഘശയലൃമേൃശമി ഇീാാൗിശാെ) അഥവാ സ്വാതന്ത്രേ്യാല്‍ഘോഷക കമ്മ്യൂണിസം എന്നിവ ആ കാലഘട്ടത്തിലെ ചില സംജ്ഞകളാണ്‌. ഇതിനെതിരെ ഔദ്യോഗിക കമ്മ്യൂണിസ്റ്റുകള്‍ പ്രചാരണം നടത്തിയിരുന്നു. അവര്‍ അതേ ഗൗരവത്തില്‍തന്നെയാണ്‌ ഇടത്‌ കമ്മ്യൂണിസ്റ്റുകളെയും തള്ളിപ്പറഞ്ഞത്‌. ഇങ്ങനെ ഇടത്‌, വലത്‌ ചാഞ്ചാട്ടം കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്‌.

അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ഗുണപരമായ മാറ്റത്തിന്‌ കാരണമാകുന്ന എല്ലാ മുന്നേറ്റങ്ങളെയും പിന്നീട്‌ ഇടതുപം എന്ന്‌ വിളിച്ചുപോന്നു. ഏത്‌ പാര്‍ട്ടിയിലും ഇങ്ങനെയൊരു തിരുത്തല്‍പക്ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്‌ എന്ന്‌ ചരിത്രം ചികഞ്ഞുനോക്കിയാല്‍ മനസ്സിലാകും. കോണ്‍ഗ്രസില്‍ ജവഹര്‍ലാല്‍ നെഹുറുവാണ്‌ സോഷ്യലിസ്റ്റ്‌ സിദ്ധാന്തങ്ങളില്‍ ആകൃഷ്‌ടനായി ഇടതുപക്ഷമെന്നു പറയാവുന്ന നയങ്ങളിലേക്ക്‌ തിരിഞ്ഞത്‌.

ജവഹര്‍ലാല്‍ നെഹ്‌റു കോണ്‍ഗ്രസിലെ ശക്തനായ ഇടതുപക്ഷവാദിയായിരുന്നു. ഇന്ത്യയെ ഒരു സോഷ്യലിസ്റ്റ്‌ സ്റ്റേറ്റാക്കാന്‍ എടുക്കുന്ന കാലതാമസം നെഹ്‌റുവിനെ അക്ഷമനാക്കി. അത്‌ നെഹ്‌റു ശക്തിയായി പ്രകടിപ്പിക്കുകയും ചെയ്‌തു. കോണ്‍ഗ്രസ്സിലെ മറ്റൊരു ഇടതുപക്ഷ വിഭാഗക്കാരനായിരുന്ന വി.കെ. കൃഷ്‌ണമേനോനെ നെഹ്‌റു പ്രോത്സാഹിപ്പിക്കുകയും ചെയ്‌തിരുന്നു. സോഷ്യലിസത്തെയും മുതലാളിത്തത്തെയും സമന്വയിപ്പിച്ച്‌ ജനാധിപത്യ സോഷ്യലിസം നടപ്പാക്കാന്‍ ശ്രമിച്ച നെഹുറുവിനെ പാര്‍ട്ടിയിലെ വലതുപക്ഷ നേതാക്കള്‍ ശക്തമായി വിമര്‍ശിച്ചിരുന്നു.

ഇന്ദിരാഗാന്ധി നെഹ്‌റുവിനേക്കാള്‍ ഇടത്‌ ചിന്തകളില്‍ ഒരുപടി മുന്നിലായിരുന്നു. ഇന്ദിരാഗാന്ധി സോവിയറ്റ്‌ റഷ്യയോട്‌ ആഭിമുഖ്യം കാണിക്കുന്നു, അവര്‍ കൂടുതല്‍ ഇടതുപക്ഷത്തേക്ക്‌ ചായുന്നു തുടങ്ങിയ പരാതികള്‍ ഉന്നയിച്ചുകൊണ്ടാണ്‌ കാമരാജിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടാകുന്നത്‌. കാമരാജിന്റെ കോണ്‍ഗ്രസ്‌, കോണ്‍ഗ്രസ്‌ (ഓര്‍ഗനൈസേഷന്‍) ആയും ഇന്ദിരയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്‌ (ആര്‍) ആയും പിളര്‍ന്നു. ഇന്ദിര സോവിയറ്റ്‌ അനുകൂല ഇടതുപക്ഷമാണെന്ന്‌ പറഞ്ഞ്‌ പിരിഞ്ഞ കോണ്‍ഗ്രസ്‌ (ഒ) പിന്നീട്‌ ജനതാപാര്‍ട്ടിയില്‍ ലയിച്ചു. ഈ ജനതാ പാര്‍ട്ടിക്കാണ്‌ അടിയന്തരാവസ്ഥക്കുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി പിന്തുണ നല്‍കിയത്‌. ശക്തമായ വലതുപക്ഷമെന്ന്‌ വിശേഷിപ്പിച്ച ജനസംഘവും ആ സഖ്യത്തിലുണ്ടായിരുന്നു. ഇവിടെ ആരാണ്‌ വലത്‌, ആരാണ്‌ ഇടത്‌ എന്നത്‌ ഒരു പ്രഹേളികയായി തുടരുന്നു.
ഇനി ബി.ജെ.പി.യെ വിലയിരുത്തിയാല്‍ അതിലുമുണ്ട്‌ ഒരു ഇടതുപക്ഷം എന്ന്‌ കാണാം. ഇടതുപക്ഷ പുരോഗമന വാദികളായിരുന്ന സുധീന്ദ്ര കുല്‍ക്കര്‍ണി, ചന്ദ്രന്‍മേത്ത എന്നിവരും ഉദാരമതികളായിരുന്ന അരുണ്‍ ഷൂരിയും യശ്വന്ത്‌സിന്‍ഹ എന്നിവരും ബി.ജെ.പി.യിലേക്ക്‌ കൂറുമാറിയതും അതുകൊണ്ടുതന്നെ, തീവ്ര വലതുപക്ഷം ചിന്തയുള്ള ആര്‍.എസ്‌.എസ്‌. ഈ പുത്തന്‍ കൂട്ടുകാരെ പൂര്‍ണ്ണമായും അംഗീകരിച്ചില്ല എന്നതും കെ.എന്‍. പണിക്കര്‍ ``ബി.ജെ.പി.യുടെ പ്രശ്‌നകാലം'' എന്ന ലേഖനത്തില്‍ പറയുന്നു. അതിനര്‍ത്ഥം ബി.ജെ.പി.യില്‍ ഒരു ഇടതുപക്ഷം നിലനില്‍ക്കുന്നു എന്നല്ലേ? തീവ്ര വലതുപാര്‍ട്ടിയില്‍ ഒരു ഇടതുപക്ഷമോ? അപ്പോള്‍ യഥാര്‍ത്ഥ വലതാര്‌, ഇടതാര്‌?

പുതിയ കാലത്ത്‌ യഥാര്‍ത്ഥത്തില്‍ ഇടതുപക്ഷമെന്ന്‌ പ്രയോഗിക്കാവുന്നത്‌ വ്യവസ്ഥിതിയുടെ തിരുത്തലിനുവേണ്ടി മുറവിളി കൂട്ടുന്ന പരിസ്ഥിതി, സ്‌ത്രീ, ആദിവാസി, ദളിത്‌ മനുഷ്യാവകാശ വാദങ്ങളെയാണ്‌. മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി സ്വയം തങ്ങളെ ഇടതുപക്ഷമെന്ന്‌ വിശേഷിപ്പിക്കുമെങ്കിലും അതിന്റെ പരിണാമ ഘട്ടത്തില്‍ വലതുപക്ഷത്തേക്ക്‌ പൂര്‍ണ്ണമായും ചായുന്ന സ്വഭാവമാണ്‌ പ്രകടിപ്പിച്ചത്‌. വന്നുഭവിച്ച വലതുവത്‌ക്കരണങ്ങളെയെല്ലാം ഇടതുപക്ഷമെന്ന്‌ തെറ്റിദ്ധരിപ്പിക്കാന്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ കാലാകാലങ്ങളില്‍ ശ്രമിച്ചിട്ടുണ്ട്‌. തങ്ങളില്‍നിന്ന്‌ വേര്‍പെട്ടുപോയ സി.പി.ഐ.യെ കോണ്‍ഗ്രസ്സുമായി കൂട്ടുകൂടി എന്ന കാരണത്താല്‍ മാത്രം വലത്‌ കമ്മ്യൂണിസ്റ്റുകള്‍ എന്ന്‌ വിശേഷിപ്പിക്കാന്‍ സി.പി.എം. മടിച്ചില്ല.

സി.പി.ഐ. പിളര്‍പ്പിന്റെ പ്രധാന കാരണം ചൈന-സോവിയറ്റ്‌ രാഷ്‌ട്രങ്ങള്‍ക്കിടയിലെ തര്‍ക്കമാണ്‌. 1962-ല്‍ മാവോസേതൂങ്‌ ക്രൂഷ്‌ചേവിനെ ``ക്യൂബന്‍ മിസൈല്‍ പ്രതിസന്ധി'?യുമായി ബന്ധപ്പെട്ട്‌ വിമര്‍ശിച്ചു. സോവിയറ്റ്‌ യൂണിയന്‍ ഇന്ത്യാ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ചൈനയെ തിരിച്ച്‌ വിമര്‍ശിച്ചു. ചൈന-സോവിയറ്റ്‌ ബന്ധം വഷളായി. ഈ പ്രതിസന്ധി ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയിലും പ്രതിഫലിച്ചു. എസ്‌.എ. ഡാങ്കെ സോവിയറ്റ്‌ പക്ഷത്തുനിന്നു. അന്ന്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ ഇ.എം.എസ്‌. ഇടതുപക്ഷത്തായിരുന്നില്ല- സെന്‍ട്രിസ്റ്റ്‌ പക്ഷത്തായിരുന്നു. (മിതവാദം). തര്‍ക്കത്തെത്തുടര്‍ന്ന്‌ പാര്‍ട്ടി ഇടത്‌ കമ്മ്യൂണിസ്റ്റും വലത്‌ കമ്മ്യൂണിസ്റ്റുമായി പിരിഞ്ഞു. കോണ്‍ഗ്രസിനെ പിന്താങ്ങിയതിന്റെ പേരില്‍ സി.പി.ഐ.യെ വലതുപക്ഷ കമ്മ്യൂണിസ്റ്റ്‌ എന്നാണ്‌ സി.പി.എം. വിളിച്ചത്‌. ഏത്‌ പക്ഷത്തേക്ക്‌ പോകണം എന്ന്‌ ആലോചിച്ചുനിന്ന്‌. സെന്‍ട്രിസ്റ്റുകളായ ജ്യോതിബസുവും ഇ.എം.എസും പിന്നീട്‌ ചൈനാപക്ഷമായ ഇടത്‌ കമ്മ്യൂണിസത്തിലേക്കുതന്നെ പോയി. ആദ്യം ഡാങ്കയോടൊപ്പം നിന്ന നാഷണലിസ്റ്റ്‌ കമ്മ്യൂണിസ്റ്റായ എ.കെ. ഗോപാലനും ഇടതുപക്ഷ കമ്മ്യൂണിസ്റ്റുകളുടെ കല്‍ക്കത്ത സമ്മേളനത്തിന്റെ പ്രധാന സംഘാടകനായിരുന്നു. ലെഫ്‌റ്റിസ്റ്റുകളായ ബസവ പുന്നയ്യ, ബി. സുന്ദരയ്യ, പ്രമോദ്‌ ദാസ്‌ ഗുപ്‌ത എന്നിവര്‍ പരിപൂര്‍ണ്ണമായും മാവോ പക്ഷക്കാരായിരുന്നു. 1962-ല്‍ ഇന്ത്യാ-ചൈനാ അതിര്‍ത്തി തര്‍ക്കത്തില്‍ ജ്യോതിബസു ചൈനക്കെതിരെ പ്രസ്‌താവനപോലും ഇറക്കിയിരുന്നു. ഇതേ ജ്യോതിബസു പിന്നീട്‌ ഡാങ്കെയെയും, രാജേശ്വരറാവുവിനെയും, എന്‍.കെ. കൃഷ്‌ണനെയും തള്ളിപ്പറഞ്ഞു. ഇവിടെ ഉയര്‍ത്തപ്പെടുന്ന സുപ്രധാനമായൊരു ചോദ്യം ഇടതുപക്ഷമായാല്‍ ദേശീയബോധം ആവശ്യമില്ല എന്നാണോ? എന്തുകൊണ്ട്‌ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി ഇന്നും ``ചൈനാ നോക്കി'?കളായി തുടരുന്നു. ഇന്ത്യയില്‍ സോഷ്യലിസം പുലര്‍ന്നില്ലെങ്കിലും ചൈനയിലെ ശാസ്‌ത്രീയ സോഷ്യലിസത്തിന്റെ പിറവിക്കായി ഇവര്‍ കണ്ണിലെണ്ണയൊഴിച്ച്‌ കാത്തുനില്‍ക്കുന്നു. ആണവകരാര്‍ മുതല്‍ ആസിയാന്‍ കരാര്‍വരെ ചൈനയുടെ മൂടുതാങ്ങികളായി മാറുന്ന കമ്മ്യൂണിസ്റ്റുകളാണ്‌ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയിലുള്ളത്‌. അരുണാചല്‍പ്രദേശ്‌ വിഷയത്തിലെ നിലപാട്‌ അവരെ കൂടുതല്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന സാഹചര്യമാണ്‌ ഉണ്ടാക്കിയിരിക്കുന്നത്‌. ``ഇടതുപക്ഷ'?ത്തിന്‌ ഭാഷാ- സംസ്‌കാര-പ്രദേശ അതിര്‍വരുമ്പുകളില്ല, അത്‌ സര്‍വ്വവ്യാപിയാണ്‌ എന്നതായിരിക്കും ഇതിന്റെ ന്യായീകരണം. പശ്ചിമബംഗാളിലെ സി.പി.എം. സര്‍ക്കാരിനെതിരെ ഒളിയുദ്ധം നടത്തിക്കൊണ്ടിരിക്കുന്ന മാവോയിസ്റ്റ്‌ അക്രമകാരികള്‍ക്ക്‌ ആയുധങ്ങള്‍ നല്‍കുന്നത്‌ ഇതേ ചൈനതന്നെയാണെന്ന വിരോധാഭാസവും ഇതോടൊപ്പം കൂട്ടിവായിക്കണം.

വലതെന്ന്‌ വിളിക്കപ്പെട്ടവരാണ്‌ പില്‍ക്കാലത്ത്‌ അല്‍പ്പമെങ്കിലും ഇടതിന്റെ സ്വഭാവം കാണിച്ചതെന്ന്‌ കഴിഞ്ഞ കുറച്ചുകാലത്തെ ഇടതുമുന്നണിയുടെ പ്രവര്‍ത്തനശൈലി പരിശോധിച്ചാല്‍ മനസ്സിലാകും. അപ്പോള്‍ ആരാണ്‌ പുതിയ വിവക്ഷയിലെ ഇടതുപക്ഷം?
(തുടരും)
-ഡോ. എം.കെ.മുനീര്‍ (ചന്ദ്രിക ദിനപത്രം 03-12-2009)