Friday, March 5, 2010

പാനൂരില്‍ വിരിയുന്ന ചെന്താമര

-സി.പി. സൈതലവി

ചുവപ്പ്‌ നരച്ചാല്‍ കാവിയാകും. കാവി ചുകപ്പില്‍ കയറിയാലോ? പാനൂരങ്ങാടിയിലെ പുതിയ താമരയാകും. ചെന്താമര. അക്കരിയിക്കരെ നിന്നു കണ്ടും ചിരിച്ചും കാലം കഴിക്കുന്നതിനു പകരം കൈ കോര്‍ത്തുപിടിച്ചു നടക്കാന്‍ തന്നെ തീരുമാനിച്ചിരിക്കുന്നു വിശുദ്ധ കമ്മ്യൂണിസ്റ്റും വിശ്വഹിന്ദു പരിഷത്തും. അതിന്റെ ആദ്യ വെടി വഴിപാട്‌ ഇന്നലെ (2010 മാര്‍ച്ച്‌ 4) പാര്‍ട്ടി പത്രം തന്നെ നടത്തിക്കഴിഞ്ഞു. മുഖപ്രസംഗ രൂപത്തില്‍. പാനൂരങ്ങാടിയില്‍ എവിടെ ബസ്‌ നിര്‍ത്തണമെന്നതാണ്‌ തര്‍ക്കം.
മൂന്നു സംസ്ഥാനങ്ങള്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ ഔദ്യോഗിക പത്രത്തില്‍ മുഖപ്രസംഗമാകാന്‍ മാത്രം പ്രാധാന്യം ഒരു പഞ്ചായത്താസ്ഥാനത്തെ ഗതാഗത പരിഷ്‌ക്കരണത്തിനുണ്ടെന്ന്‌ പത്രം നോക്കി ശീലമുള്ള ഒരു പാര്‍ട്ടിക്കാരനും പറയില്ല. പിന്നെന്ത്‌ ഗുണം? ഇങ്ങനെയൊരു സൗഹൃദം ഉദ്‌ഘാടനം ചെയ്‌തുകഴിഞ്ഞുവെന്ന്‌ ഔദ്യോഗികമായി പാര്‍ട്ടി അണികളെ അറിയിക്കാന്‍ ഇത്രയും മെച്ചപ്പെട്ട വേറൊരു സൂത്രമില്ല.

പാനൂര്‍ ടൗണില്‍ വന്നുംപോയുമിരിക്കുന്ന സര്‍വജനവും സമ്മതിച്ച ഗതാഗത പരിഷ്‌ക്കാരമായിരുന്നു പഞ്ചായത്ത്‌ ഭരണസമിതിയുടെ നേതൃത്വത്തിലുണ്ടായത്‌. കുറെ കഴിഞ്ഞപ്പോള്‍ സി.പി.എമ്മിന്റെ വ്യാപാര സമിതിക്കാര്‍ ഒരു എതിര്‍പ്പ്‌ പാസ്സാക്കി. മരക്കൊമ്പില്‍ നിന്നു ചാടുംപോലെ സി.പി.എമ്മും ബി.ജെ.പി.യും അതേറ്റെടുത്തു. സമരസമിതിയായി. ചെയര്‍മാന്‍ സി.പി.എം. നേതാവ്‌ പി.കെ. കുഞ്ഞനന്തന്‍. യുവമോര്‍ച്ച ജില്ലാ സെക്രട്ടറി പി.പി. സുരേന്ദ്രന്‍ കണ്‍വീനറും. കൂത്തുപറമ്പ്‌ നിയോജക മണ്‌ഡലമാകെ പ്രചാരണ വാഹനജാഥ. ഐക്യം പാനൂര്‍ വിട്ട്‌ മണ്‌ഡലമാസകലം സാധിപ്പിച്ചെടുക്കുക ലക്ഷ്യം. കാരണം ലളിതം. യു.ഡി.എഫിന്റെ ശക്തിദുര്‍ഗ്ഗമായ പാനൂര്‍ പഞ്ചായത്ത്‌ പുതിയ വിഭജനത്തില്‍ കൂത്തുപറമ്പ്‌ മണ്‌ഡലത്തിലായിരിക്കുന്നു. കേരള കമ്മ്യൂണിസ്റ്റുകളുടെ കുലഗുരു ഇ.പി. ജയരാജന്റെ തട്ടകം കൈവിടുന്ന ലക്ഷണം. സി.പി.എം ഒറ്റക്ക്‌ കൂട്ടിയാല്‍ കൂടില്ല. സംഘ്‌പരിവാരം ശങ്കയേതുമില്ലാതെ കൂടെ വേണം. അതിനു ബസ്‌ സ്റ്റോപ്പില്‍ നിന്നൊരു തുടക്കം. പാനൂരങ്ങാടിയില്‍ തുടങ്ങുന്ന പുതിയ സഖ്യരാഷ്‌ട്രീയ പാലം പണി പാറശ്ശാല വരെ നീളണം. വടക്ക്‌ കാസര്‍ക്കോടും. പറ്റിയാല്‍ പാര്‍ലമെന്റോളം. ഇത്ര കാലം തലയില്‍ മുണ്ടിട്ട്‌ നടത്തിയ കൂട്ടുകൃഷിക്ക്‌ ഇനി ഒരു പൊതുവിപണി.

കേരളത്തില്‍ സി.പി.എമ്മുമായി ഒരു സൗഹൃദ ചര്‍ച്ചക്ക്‌ തയ്യാറാണെന്ന്‌ ആര്‍.എസ്‌.എസ്‌. മേധാവി, സര്‍സംഘചാലക്‌ മോഹന്‍ ഭാഗവത്‌ ഫെബ്രു. 25ന്‌ തിരുവനന്തപുരത്ത്‌ പറഞ്ഞതും ദേശാഭിമാനി മുഖപ്രസംഗമെഴുതിയതും തമ്മില്‍ ഇനി ദൂരമധികമില്ല. ഒരേ സ്റ്റോപ്പിലിറങ്ങിയാല്‍ മതി.
ഫെബ്രുവരി 24-ലെ ആര്‍.എസ്‌.എസ്‌. സമ്മേളനത്തിന്റെ (പ്രാന്തസാംഘിക്‌) സംഘാടക സമിതി ഓഫീസ്‌ ഇക്കഴിഞ്ഞ ഫെബ്രു. 20ന്‌ കൊല്ലത്ത്‌ ഉദ്‌ഘാടനം ചെയ്യാനെത്തിയത്‌ സി.പി.എമ്മിന്റെ കോര്‍പ്പറേഷന്‍ മേയര്‍ എന്‍. പത്മലോചനന്‍. നാലാളറിഞ്ഞപ്പോള്‍ പാര്‍ട്ടി അച്ചടക്ക നടപടി എന്ന പേരില്‍ കണ്ടവന്റെ കണ്ണില്‍ പൊടിയിട്ടെങ്കിലും പത്മലോചനന്റെ ഭക്തിപാരവശ്യത്തിന്‌ ഒരു സംഘ്‌ ഛായയുണ്ടായിരുന്നു. ആര്‍.എസ്‌.എസ്‌. പരമാചാര്യന്‍മാരായ ഹെഡ്‌ഗേവാര്‍, ഗോള്‍വാള്‍ക്കര്‍ എന്നിവരുടെ ഛായാചിത്രത്തിന്‌ മുമ്പില്‍ നിലവിളക്കു കൊളുത്തിയായിരുന്നു ഉദ്‌ഘാടനം. ഹൈന്ദവ വിശ്വാസി സമൂഹം ആരാധിക്കുന്ന ഏതെങ്കിലും ദേവീദേവന്‍മാരുടെ മുന്നില്‍ പോലുമല്ല ഈ മുതിര്‍ന്ന മാര്‍ക്‌സിസ്റ്റ്‌ നേതാവ്‌ അര്‍ദ്ധനിമീലിത നേത്രങ്ങളുമായി ശ്വാസമടക്കിപ്പിടിച്ചു നിന്നത്‌.
പത്മലോചനനും മുന്നെ പത്മക്കുളത്തില്‍ മുങ്ങാന്‍ പോയി മറ്റൊരു സി.പി.എം. നേതാവ്‌. പാര്‍ട്ടി ആലപ്പുഴ ജില്ലാ കമ്മിറ്റിയംഗവും ആലപ്പുഴ നഗരസഭാ ചെയര്‍മാനുമായ പി.പി. ചിത്തരഞ്‌ജന്‍. വിശ്വഹിന്ദു പരിഷത്ത്‌ സേവാ വിഭാഗം 2009 ആഗസ്റ്റ്‌ 29, 30, 31 തീയതികളില്‍ ആലപ്പുഴയില്‍ നടത്തിയ `ബാലകാരുണ്യം' സമ്മേളനത്തിലായിരുന്നു സഖാവ്‌ മുഖ്യാതിഥിയായത്‌. കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ സി.പി.എം. നേതാവിന്‌ വരവേല്‌പ്‌ ഉജ്ജ്വലമാക്കി വിശ്വഹിന്ദു പരിഷത്തുകാര്‍. സംഭവം നടന്നിട്ട്‌ ആറു മാസം കഴിഞ്ഞു. ചിത്തരഞ്‌ജനെതിരെ പറയത്തക്ക നടപടിയൊന്നുമില്ല. അതിന്‌ സംഗതി ആരും കണ്ടിട്ടില്ലല്ലോ എന്നാകും സമാധാനം. പത്മലോചനന്റെ കാര്യത്തില്‍ അച്ചടക്ക നടപടിക്കു കാലാവധി പോലും നിശ്ചയിച്ചിട്ടുമില്ല.

1977-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്തെ സി.പി.എം. സ്ഥാനാര്‍ത്ഥി, കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍, സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം തുടങ്ങി ഉന്നത പദവികള്‍ പലതും വഹിച്ച ഒരാള്‍ ആര്‍.എസ്‌.എസ്സിന്റെ കാക്കിയണിയുമ്പോള്‍ അത്‌ വെറുമൊരു സസ്‌പെന്‍ഷന്‍ കൊണ്ട്‌ തീരേണ്ടതല്ല. സി.പി.എം. ഞരമ്പില്‍ സംഘരക്തം കയറുന്നതിന്റെ രസതന്ത്രം നാട്ടുകാരോടെങ്കിലും പാര്‍ട്ടി വിശദീകരിക്കേണ്ടിവരും. വെറും പാര്‍ട്ടി ഭാരവാഹികള്‍ മാത്രമല്ല ഇവര്‍. ബാബരി ധ്വംസനം, ഗുജറാത്ത്‌ ഉള്‍പ്പെടെയുള്ള ഫാസിസ്റ്റ്‌ നരമേധത്തിനെതിരായ പ്രതിഷേധ വോട്ടുകള്‍ കൂടി വാങ്ങി മതേതരത്വത്തിന്റെ പേരില്‍ അധികാരമേറിയവരാണ്‌. കാടാമ്പുഴയില്‍ പൂമൂടിയപോലെ ഒരു പ്രത്യയശാസ്‌ത്ര തര്‍ക്കമല്ലിത്‌. ജനങ്ങളോടുള്ള വെല്ലുവിളി.
2005-ലെ നിയമസഭാ തെരഞ്ഞെടുപ്പ്‌ മുതല്‍ സി.പി.എം. വ്യാപകമായി നടപ്പില്‍ വരുത്തിയ ആര്‍.എസ്‌.എസ്‌. ബാന്ധവത്തിന്റെ ആത്മധൈര്യമാണ്‌ മേയര്‍ക്കും ചെയര്‍മാനും കാവിയണിയാന്‍ മനോബലം ഊര്‍ജ്ജം പകരുന്നത്‌.

കാസര്‍ക്കോട്‌ മുതല്‍ പാറശ്ശാല വരെ നീണ്ടുകിടക്കുന്നുണ്ട്‌ സി.പി.എമ്മിന്റെ കാവി പ്രണയം. 15 അംഗങ്ങളുള്ള കാസര്‍ക്കോട്‌ ജില്ലാ പഞ്ചായത്തില്‍ ഏഴുപേരുടെ ബലത്തിലാണ്‌ സി.പി.എം. ഭരണം നടത്തുന്നത്‌. രണ്ടു തവണ യു.ഡി.എഫ്‌. പക്ഷത്ത്‌ നിന്ന്‌ അവിശ്വാസം വന്നപ്പോഴും വോട്ടെടുപ്പ്‌ സമയത്ത്‌ തന്ത്രപൂര്‍വ്വം വിട്ടുനിന്ന്‌ മാര്‍ക്‌സിസ്റ്റ്‌ ഭരണത്തിന്‌ ആയുസ്സ്‌ നീട്ടിക്കൊടുത്തു ബി.ജെ.പി. പകരം കുമ്പഡാജ പഞ്ചായത്തില്‍ യു.ഡി.എഫിന്റെ അവിശ്വാസ പ്രമേയം വരുമ്പോള്‍ ബി.ജെ.പി.യുടെ പ്രസിഡണ്ട്‌ സ്ഥാനം നിലനിര്‍ത്താന്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ മാറിനിന്നു കൊടുക്കും. പ്രത്യുപകാരത്തിന്‌ പ്രത്യുപകാരമായി ഓര്‍ക്കാടി പഞ്ചായത്തില്‍ സി.പി.എമ്മിന്‌ ഭരണം പോവാതിരിക്കാന്‍ ബി.ജെ.പി.യും അവിശ്വാസ സമയത്ത്‌ അത്താണിയായി നില്‌ക്കും. കാസര്‍ക്കോട്ടെ സഹകരണ സ്ഥാപനങ്ങളില്‍ സംഘ്‌പരിവാറും സി.പി.എമ്മും തമ്മിലുള്ളത്‌ സൗഹൃദത്തിനുമപ്പുറം ഒരു കൂട്ടുകുടുംബ ബന്ധമാണ്‌. കാസര്‍ക്കോട്ട്‌ പോലീസ്‌ വെടിവെപ്പുണ്ടായപ്പോള്‍ സി.പി.എം. ജില്ലാ സെക്രട്ടറിയും ബി.ജെ.പി. മേഖലാ സെക്രട്ടറിയും വാര്‍ത്താ മാധ്യമങ്ങള്‍ക്ക്‌ വായിച്ചു കൊടുത്തത്‌ ഒരേ പ്രസ്‌താവന. അതാണ്‌ ഇരട്ടക്കുട്ടികള്‍ക്ക്‌ ഒരേ സമയം പനിവരുമെന്ന്‌ പറയുന്നത്‌.

ഷൊര്‍ണ്ണൂരില്‍ ഇടതുപക്ഷ ഏകോപന സമിതി നേതാവ്‌ എം.ആര്‍. മുരളിയുടെ മുന്നേറ്റത്തെ തടുക്കാന്‍ സി.പി.എമ്മിന്‌ തുണയായത്‌ ബി.ജെ.പിയാണ്‌. സി.പി.എമ്മിനെ തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന വാശിയിലായിരുന്നു സംഘ്‌പരിവാര്‍. അച്യുതാനന്ദനുപോലുമില്ലാത്ത ആത്മാര്‍ത്ഥത. ഷൊര്‍ണ്ണൂര്‍ നഗരസഭ ഉപതെരഞ്ഞെടുപ്പില്‍ ഒമ്പത്‌ സീറ്റുകളിലും സി.പി.എമ്മിനെ കരപറ്റിക്കാന്‍ ബി.ജെ.പി. തുഴഞ്ഞുനീന്തി. തെരഞ്ഞെടുപ്പ്‌ സമയത്ത്‌ ബി.ജെ.പി. ജില്ലാ പ്രസിഡണ്ടിന്റെ ഫോണിലേക്ക്‌ ഒരു ദിവസം 29 കോളുകള്‍ വരെ സി.പി.എം ജില്ലാ നേതാവ്‌ വിളിച്ചതായി വിശദ ബില്ലു സഹിതം വാര്‍ത്തകള്‍ വന്നു. ഇതിലൊരു കോള്‍ ഒന്നരമണിക്കൂറും മറ്റൊന്ന്‌ മുക്കാല്‍ മണിക്കൂറും ദൈര്‍ഘ്യമുള്ളത്‌. ഒറ്റപ്പാലം എം.എല്‍.എ. എം. ഹംസയുടെ അത്യുത്സാഹം കൊണ്ട്‌ ബി.ജെ.പി, അവസാന നിമിഷം വരെ കൈവിടാതെ കൂടെ നിന്നു. കരാര്‍ പാലിച്ചു. പക്ഷേ ബി.ജെ.പി.യല്ലല്ലോ വോട്ടിംഗ്‌ യന്ത്രം. ജനം മുരളി പറഞ്ഞേടത്ത്‌ കുത്തി. ഷൊര്‍ണ്ണൂര്‍ നഗരസഭയില്‍ സി.പി.എം. ചെയര്‍പേഴ്‌സണെതിരെ മുരളി അവിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോഴും ബി.ജെ.പി. ഉണ്ട ചോറ്‌ മറന്നില്ല. സി.പി.എമ്മിനെ നിലനിര്‍ത്താന്‍ ചങ്ക്‌ പറിച്ചുകൊടുക്കും അവര്‍ എന്ന്‌ തെളിയിച്ചു. ഒറ്റപ്പാലത്തെ ലക്കിടി പേരൂര്‍ പഞ്ചായത്തില്‍ യു.ഡി.എഫ്‌. വിജയം ഉറപ്പായ സീറ്റില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ തല്‍സമയം പിന്‍വലിച്ചാണ്‌ ബി.ജെ.പി. ഇടത്‌ മുന്നണിയെ വിജയതിലകമണിയിച്ചത്‌. ഒറ്റപ്പാലത്ത്‌ ബി.ജെ.പി. വോട്ട്‌ സ്ഥിരമായി മരവിച്ച്‌ കിടക്കുന്നതിനാല്‍ സി.പി.എമ്മിന്‌ ചില സീറ്റുകളില്‍ സ്ഥിരമായി ജയിച്ചു നടക്കാം.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡണ്ടായിരുന്ന കെ. രാമന്‍പിള്ളയുമായി സഖ്യം മാത്രമല്ല സി.പി.എമ്മുണ്ടാക്കിയത്‌. വേദി പങ്കിടലുമായിരുന്നു. മുന്നണി നേതാവിനൊത്ത മുഹബ്ബത്തോടെയാണ്‌ രാമന്‍പിള്ളയെ സി.പി.എമ്മുകാര്‍ സ്വീകരിച്ചാനയിച്ചിരുന്നത്‌.

വിശ്വഹിന്ദു പരിഷത്തിന്റെ തലതൊട്ടപ്പന്‍ പ്രവീണ്‍ തൊഗാഡിയ കേരളത്തില്‍ ലോട്ടറിക്കച്ചവടക്കാരനെ പോലെ കവലതോറും പ്രസംഗിച്ചു നടക്കുകയാണ്‌. 2003-ല്‍ മാറാടിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലിറങ്ങിയ തൊഗാഡിയക്ക്‌ വേദിയില്‍ കയറാന്‍ പറ്റാതെ തിരിച്ചുപോവേണ്ടി വന്നു. ഹോട്ടല്‍ മുറിയിലിരുന്ന്‌ മൊബൈല്‍ ഫോണ്‍ വഴിയാണ്‌ തൊഗാഡിയ അന്ന്‌ അണികളെ മൂപ്പിച്ചത്‌. യു.ഡി.എഫായിരുന്നു കേരളം ഭരിച്ചിരുന്നത്‌ എന്നത്‌ മാത്രമായിരുന്നു തൊഗാഡിയയുടെ സൈ്വര്യവിഹാരത്തിന്‌ തടസ്സം. കാലം മാറി. ആഭ്യന്തരം സി.പി.എമ്മിനായപ്പോള്‍ അതേ തൊഗാഡിയ പലവട്ടം വന്നു കേരളത്തില്‍. പൊതുവേദികളില്‍ കയറി നിരങ്ങി. ആവുന്നത്ര വിഷം ചീറ്റി. സാക്ഷാല്‍ നരേന്ദ്രമോഡിക്ക്‌ ഇടത്‌ ഭരണ കേരളം അനന്തപുരിയില്‍ രാജോചിത വരവേല്‌പ്‌ നല്‍കി. ഗുജറാത്തിലെ തീപ്പന്തത്തിന്‌ സുഖസൗകര്യങ്ങളുടെ ഒരു കുറവും വരാതിരിക്കാന്‍ കണ്ണിലെണ്ണയൊഴിച്ച്‌ കാവലിരുന്നു കോടിയേരി. അതാണ്‌ ആത്മബന്ധത്തിന്റെ തൂവല്‍സ്‌പര്‍ശം.
1994-ല്‍ മുസ്‌ലിം യൂത്ത്‌ലീഗ്‌ ജില്ലാ കമ്മിററി മലപ്പുറം ജില്ലയുടെ രജതജൂബിലി ആഘോഷത്തിന്‌ മുഖ്യാതിഥിയായി ക്ഷണിച്ചു ഇ.എം.എസ്‌. നമ്പൂതിരിപ്പാടിനെ. ജില്ലാ രൂപീകരണ കാലത്തെ മുഖ്യമന്ത്രി എന്ന നിലക്ക്‌. ക്ഷണം സ്വീകരിച്ചുവെങ്കിലും അദ്ദേഹം വന്നില്ല. അന്ന്‌ ആര്‍.എസ്‌.എസ്‌ സംഘടിപ്പിച്ച ഒരു സെമിനാര്‍ കിട്ടി നമ്പൂതിരിപ്പാടിന്‌ പങ്കെടുക്കാന്‍. പിന്നീടേറ്റത്‌. ആര്‍.എസ്‌.എസ്സും ഇ.എം.എസ്സും തമ്മിലുള്ള സാമ്യം വെറുമൊരു `എസ്‌' മാത്രമല്ലല്ലോ?

1985-ല്‍ ഇ.എം.എസ്സും സി.പി.എമ്മും അഴിച്ചുവിട്ട ശരീഅത്ത്‌ വിരുദ്ധ പ്രചാരണങ്ങള്‍ മുസ്‌ലിം സമുദായത്തെ അപകീര്‍ത്തിക്കിരയാക്കി ഒറ്റപ്പെടുത്താനുള്ള ശ്രമമായിരുന്നു. 1983-ല്‍ മുക്രി-ഖത്തീബുമാര്‍ക്ക്‌ വഖഫ്‌ ബോര്‍ഡ്‌ മുഖേന പെന്‍ഷന്‍ നല്‍കാന്‍ യു.ഡി.എഫ്‌ സര്‍ക്കാര്‍ തീരുമാനിച്ചത്‌ മുതല്‍ ഇ.എം.എസ്‌. വര്‍ഗ്ഗീയ പ്രചാരണം തുടങ്ങിവെച്ചിരുന്നു. ഇ.എം.എസിന്റെ ശ്രമം 1987-ല്‍ ലക്ഷ്യംകണ്ടു. മുസ്‌ലിം സംഘടനകളുടെ പ്രത്യക്ഷ കൂട്ടില്ലാതെ ഒരു ഇടത്‌ ഭരണം. ന്യൂനപക്ഷ വിരുദ്ധ വികാരമായിരുന്നു നമ്പൂതിരിപ്പാടിന്റെ തുരുപ്പ്‌ ശീട്ട്‌.

1984-ല്‍ രണ്ട്‌ സീറ്റ്‌ മാത്രമായിരുന്ന ബി.ജെ.പി.ക്ക്‌ കോണ്‍ഗ്രസ്‌ വിരുദ്ധ സഖ്യങ്ങള്‍ വഴി കരുത്ത്‌ പകര്‍ന്നു സി.പി.എം. 1989 ആയപ്പോള്‍ അഡ്വാനിക്ക്‌ ഉപപ്രധാനമന്ത്രി സ്ഥാനം ലഭിക്കാവുന്ന അവസ്ഥയിലേക്ക്‌ ബി.ജെ.പി. വളര്‍ന്നു. സി.പി.എം. ആ മുന്നണിയിലെ മുഖ്യ ഘടകകക്ഷിയും. 1996-ല്‍ അതേ കളി വീണ്ടും സി.പി.എം തുടര്‍ന്നു.

പള്ളി പൊളിച്ചതിനെപറ്റി പ്രസംഗിച്ച്‌ പ്രസംഗിച്ച്‌ പള്ളിയുടെ സമുദായത്തെ പിളര്‍ത്തി. പള്ളിപൊളിച്ചവരും പൊളിച്ച്‌ പ്രശ്‌നം പരിഹരിക്കാന്‍ ആവശ്യപ്പെട്ടവരും ഒന്നായി. ബി.ജെ.പി. പ്രധാനമന്ത്രി പദത്തിലെത്തി. 2009-ലും സി.പി.എം. ആഞ്ഞു ശ്രമിച്ചുനോക്കി. കൈയില്‍ കോരിയെടുക്കാന്‍ കിട്ടാത്ത വിധം ബി.ജെ.പി. ചിന്നിച്ചിതറിപ്പോയിരുന്നു അപ്പോഴേക്കും. വീണ്ടും കാവിക്ക്‌ കടുപ്പമേകാന്‍ കൈകോര്‍ക്കുകയാണ്‌ സി.പി.എം. അതിന്റെ സൂചനയാണ്‌ പാനൂരില്‍ പൂക്കുന്ന ചെന്താമര.