Tuesday, June 15, 2010

ചുവപ്പും കാവിയും ഒരൊറ്റ നിറമല്ല

-പി.കെ. പാറക്കടവ്‌

സ്വത്വവാദ ചര്‍ച്ചകളില്‍ നിന്ന്‌ വരികള്‍ക്കപ്പുറം ചിലത്‌ വായിച്ചെടുക്കാനുണ്ട്‌. സ്വത്വവാദക്കാരെ നിഷ്‌ക്കരുണം സി.പി.എം. പടിയടച്ചു പിണ്‌ഡം വെക്കാന്‍ പോകുന്നു എന്ന മട്ടിലാണ്‌ പത്രങ്ങളായ പത്രങ്ങളിലൊക്കെ നമ്മള്‍ വായിച്ചത്‌; ചാനല്‍ ചര്‍ച്ചകളില്‍ കണ്ടതും. തെരഞ്ഞെടുപ്പ്‌ മുന്നില്‍ക്കണ്ട്‌ സി.പി.എം. മൃദുഹിന്ദുത്വ കാര്‍ഡ്‌ കളിക്കുകായണെന്ന്‌ കേരളത്തിലെ ഏത്‌ കുട്ടിക്കും അറിയാം.
സ്വത്വവാദത്തെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഭയപ്പെടേണ്ടതില്ലെന്ന്‌ പറഞ്ഞത്‌ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ പ്രസിഡണ്ടായ യു.എ. ഖാദര്‍ തന്നെയായിരുന്നു. കോഴിക്കോട്ട്‌ ഒരു പുസ്‌തക പ്രകാശനച്ചടങ്ങില്‍ സംബന്ധിച്ചു കൊണ്ട്‌ (സ്വത്വവാദം കത്തിനിന്ന നാളുകളിലൊന്നില്‍ പി. രാജീവിന്റെ ലേഖനമൊക്കെ വന്ന സമയത്ത്‌) യു.എ. ഖാദര്‍ പറഞ്ഞു: ``അവകാശബോധമുണ്ടാകാന്‍ സ്വത്വബോധം അനിവാര്യമാണ്‌. ഈ ബോധമില്ലാത്തത്‌ കൊണ്ടാണ്‌ അന്യസംസ്ഥാനങ്ങളില്‍ കീഴ്‌ജാതിക്കാരും ദരിദ്രരും പീഡനമേല്‍ക്കേണ്ടിവരുന്നതും ചവറ്റുകൊട്ടയിലേക്ക്‌ തള്ളപ്പെടുന്നതും. കേരളത്തില്‍ പിന്നാക്കക്കാര്‍ പോലും സ്വത്വബോധമുള്ളവരായതിനാലാണ്‌ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ സാമൂഹികമായി നാം മുന്നില്‍ നില്‍ക്കുന്നതും'' - ഖാദര്‍ പറഞ്ഞതിതാണ്‌. ഇതൊരു സത്യമാണ്‌. പക്ഷേ ഈ സത്യം ഇന്ന്‌ സി.പി.എം. നേതാക്കള്‍ക്ക്‌ ദഹിക്കുന്ന ഒന്നല്ല.
ഒരു മതേതര ജനാധിപത്യ പാര്‍ട്ടി എന്ന നിലയില്‍ സി.പി.എം., ന്യൂനപക്ഷങ്ങളുടെയും ദളിതരുടെയും സ്‌ത്രീകളുടെയും പരിസ്ഥിതിവാദികളുടെയും കൂടെ നില്‍ക്കേണ്ടവരായിരുന്നു. നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ സി.പി.എമ്മിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ ഇതല്ല നാം കാണുന്നത്‌. അപ്പോഴപ്പോഴത്തെ വോട്ടുകള്‍ നോക്കി കരണംമറിയുന്ന കളികളാണ്‌ പാര്‍ട്ടി നടത്തുന്നതെന്നാണ്‌. മഅ്‌ദനിയെ കൂടെകൂട്ടി എന്ന്‌ പിണറായിയെ കുറ്റം പറയുന്നവര്‍ മനസ്സിലാക്കണം ഇ.എം.എസായിരുന്നു മഅ്‌ദനിയെ ഗാന്ധിജിയോടുപമിച്ചത്‌ എന്ന്‌. പറഞ്ഞുവരുന്നത്‌ ഇത്‌ ഇന്ന്‌ തുടങ്ങിയതല്ല എന്നാണ്‌. അടുത്ത കാലത്ത്‌ സവര്‍ണബോധത്തിനെതിരെ മര്‍ദ്ദിതരുടെ പക്ഷംപിടിച്ചു നിന്നത്‌ കെ.ഇ.എന്നായിരുന്നു എന്നത്‌ നേരാണ്‌. ഹിന്ദുത്വ ബുദ്ധിജീവികളെയും മൃദു ഹിന്ദുത്വവാദികളെയും വിറളിപിടിപ്പിക്കുന്ന സ്‌ഫോടനാത്മകമായ രാഷ്‌ട്രീയ സാംസ്‌ക്കാരിക ഇടപെടല്‍ നടത്തുന്ന കെ.ഇ.എന്ന്‌ സ്വന്തം പാളയത്തില്‍ തന്നെയുള്ള സവര്‍ണ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്ന സാംസ്‌ക്കാരിക രംഗത്തു നിന്നുള്ളവരുടെ എതിര്‍പ്പുണ്ടാവുക സ്വാഭാവികമാണ്‌. പാര്‍ട്ടിയില്‍ തന്നെയുള്ളവരും പാര്‍ട്ടിയില്‍ നിന്നു പറുത്ത്‌ പോയ ചിലരും ഇപ്പോള്‍ അവസരം മുതലെടുക്കുന്നു എന്ന്‌ മാത്രം.

പക്ഷേ ഭയപ്പെടേണ്ട ഒന്നുണ്ട്‌. സ്വത്വവാദക്കാരെ അടിച്ച്‌ ഒരു മൂലയിലാക്കി ഇവര്‍ ചെങ്കൊടിയും കൊണ്ട്‌ പോകുന്നതെങ്ങോട്ടാണ്‌? മുസ്‌ലിം ക്രിസ്‌ത്യന്‍ വര്‍ഗ്ഗീയത നാട്ടില്‍ ശക്തിപ്പെട്ടു എന്ന്‌ പറയുന്നവരാരും ആര്‍.എസ്‌.എസിനെക്കുറിച്ചും ഭൂരിപക്ഷ വര്‍ഗ്ഗീയതയെക്കുറിച്ചും ഒരക്ഷരം മിണ്ടുന്നേയില്ല. നെഹ്‌റു ശിശുക്കളുടെ ശത്രുവായിരുന്നുവെന്ന്‌ നരേന്ദ്രമോഡി വായിട്ടലക്കുമ്പോള്‍ ഗര്‍ഭിണിയുടെ വയര്‍ ശൂലം കൊണ്ട്‌ കുത്തിക്കീറി ഭ്രൂണം പുറത്തെടുത്ത നരേന്ദ്രമോഡിയെയും മോഡിയുടെ പാര്‍ട്ടിയെയും പറ്റി എന്തെങ്കിലും പറഞ്ഞാല്‍ ഭൂരിപക്ഷ ഹിന്ദുവോട്ടുകള്‍ നഷ്‌ടപ്പെട്ടു പോയെങ്കിലോ?

ഹൈന്ദവതയ്‌ക്ക്‌ താല്‍ക്കാലികാവധി നല്‍കി ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ഊന്നല്‍ നല്‍കാനായിരിക്കും പാറ്റ്‌നയില്‍ നടക്കുന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ ബി.ജെ.പി. ശ്രമിക്കുകയെന്ന്‌ വാര്‍ത്ത. നരേന്ദ്രമോഡി, വരുണ്‍ഗാന്ധി തുടങ്ങിയ തീവ്ര നിലപാടുകാര്‍ക്ക്‌ ദേശീയ നിര്‍വാഹക സമിതിയില്‍ വലിയ പങ്കുണ്ടാവില്ല എന്നാണ്‌ രാഷ്‌ട്രീയ നിരീക്ഷകര്‍ പറയുന്നത്‌. അവര്‍ക്ക്‌ പറയാനുള്ള കാര്യങ്ങള്‍ നമ്മുടെ വേലിക്കകത്ത്‌ ശങ്കരന്‍ അച്യുതാനന്ദനായിരിക്കുമോ ഇനി പറയുക? (മലപ്പുറത്ത്‌ കോപ്പിയടിക്കുന്നത്‌ കൊണ്ടാണ്‌ കുട്ടികള്‍ പരീക്ഷയില്‍ വന്‍ വിജയം നേടുന്നതെന്ന്‌ പറഞ്ഞത്‌ മറക്കാറായിട്ടില്ല) പിണറായിയെക്കുറിച്ച്‌ ഇങ്ങനെ കടത്തിപ്പറയാനാവില്ല. എത്ര മൃദുഹിന്ദുത്വത്തിനു വേണ്ടി മുന്നോട്ട്‌ പോയാലും പിണറായി വിജയനില്‍ ഒരു കറകളഞ്ഞ സെക്യുലറിസ്റ്റ്‌ ഉണ്ട്‌ എന്ന്‌ വിശ്വസിക്കാനാണെനിക്കിഷ്‌ടം.

സ്വത്വവാദക്കാര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ (അവരെ ഒറ്റപ്പെടുത്തുന്നതിലും) സി.പി.എമ്മിലെ മൃദു ഹിന്ദുത്വവാദികള്‍ക്കൊപ്പം ജനശക്തിയും കേസരിയും ഒന്നിക്കുന്നത്‌ കാണുമ്പോള്‍ ചില അടിയൊഴുക്കുകള്‍ നാം ശ്രദ്ധിച്ചേ തീരൂ.

ഭൂരിപക്ഷ വര്‍ഗ്ഗീയതയേയും ന്യൂനപക്ഷ വര്‍ഗ്ഗീയതയേയും ഒരേപോലെ തള്ളിപ്പറഞ്ഞ്‌ മുന്നോട്ട്‌ പോകുന്നതിനുപകരം താല്‍ക്കാലിക നേട്ടത്തിനുവേണ്ടി സി.പി.എം. നടത്തുന്ന ഈ മൃദുഹിന്ദുത്വ കാര്‍ഡ്‌ കളി ദീര്‍ഘകാലാടിസ്ഥാനത്തില്‍ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിക്ക്‌ വലിയ ദോഷം ചെയ്യും; കേരളത്തിനും.

Friday, June 11, 2010

സി.പി.എമ്മിനെ ഭരിക്കുന്നത്‌ അധികാരദുര -ഡോ. എം. ഗംഗാധരന്‍

കേരളത്തില്‍ മുസ്‌ലിം-ക്രൈസ്‌തവ വര്‍ഗ്ഗീയത ശക്തിപ്പെട്ടുവരികയാണെന്ന മുഖ്യമന്ത്രിയുടെ ആരോപണം ശരിയല്ല. മതബോധമെല്ലാം വര്‍ഗ്ഗീയ ബോധമാണെന്ന തെറ്റിദ്ധാരണയാണിതിനു പിന്നില്‍. മതബോധവും വര്‍ഗ്ഗീയതയും രണ്ടാണ്‌. വര്‍ഗ്ഗീയതയെന്നാല്‍ മറ്റേതെങ്കിലും ഒരു വിഭാഗത്തെയോ സമൂഹത്തെയോ നശിപ്പിക്കാനോ ഉപദ്രവിക്കാനോ ലക്ഷ്യമിട്ട്‌ ഒരു വിഭാഗം നടത്തുന്ന ശ്രമങ്ങളാണ്‌. മതബോധം ശക്തിപ്പെട്ടതുകൊണ്ടു മാത്രം ഒരു സമൂഹത്തിലും വര്‍ഗ്ഗീയത വളരണമെന്നില്ല. സാമുദായിക വിഷയങ്ങളില്‍ സമീപകാലത്ത്‌ സി.പി.എം സ്വീകരിച്ചുവരുന്ന നിലപാടുകളെക്കുറിച്ചും ഇതിന്‌ പ്രേരിപ്പിക്കുന്ന ഘടകങ്ങളെക്കുറിച്ചും ചന്ദ്രികയോട്‌ സംസാരിക്കുകയായിരുന്നു ഡോ.എം.ഗംഗാധരന്‍.

ന്യൂനപക്ഷങ്ങളെക്കുറിച്ച്‌ സമീപകാലത്ത്‌ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം ശ്രദ്ധിച്ചിരിക്കുമല്ലോ..? എന്താണ്‌ ഇത്തരമൊരു പ്രസ്‌താവനക്ക്‌ പ്രേരണ?

അധികാരത്തിനുവേണ്ടി എന്തും ചെയ്യാമെന്ന കാഴ്‌ചപ്പാടാണ്‌ സി.പി.എമ്മിന്റേത്‌. അധികാരം വേണം. അധികാരമുണ്ടെങ്കില്‍ എല്ലാം മാറ്റിയെടുക്കാമെന്ന ധാരണയാണവര്‍ക്ക്‌. അതിന്‌ ഏതറ്റംവരെ പോവാനും അവര്‍ തയ്യാറാവുന്നു. ഇപ്പോള്‍ രാഷ്‌ട്രീയ നിലനില്‍പ്പിന്‌ പണവും മസില്‍ പവറുമൊക്കെ വേണമെന്ന കാഴ്‌ചപ്പാടും കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ വളര്‍ന്നുവന്നിരിക്കുന്നു. സാമുദായിക വിഷയങ്ങളില്‍ സമീപ കാലത്ത്‌ സി.പി.എം സ്വീകരിച്ച നിലപാടുകള്‍ ഈ അധികാരമോഹം വ്യക്തമാക്കുന്നതാണ്‌.

മുഖ്യമന്ത്രിയെപ്പോലെ ഒരാള്‍ ഇത്തരത്തില്‍ പ്രസ്‌താവന നടത്തരുതായിരുന്നു. ഏറെ അനുഭവ സമ്പത്തുള്ള രാഷ്‌ട്രീയ നേതാവാണ്‌ വി.എസ്‌. പാര്‍ട്ടിക്കുവേണ്ടി അദ്ദേഹം ചിലതൊക്കെ പറയുകയാണ്‌. അദ്ദേഹത്തിന്റെ മാര്‍ക്‌സിസ്റ്റ്‌ ആശയങ്ങള്‍ വെച്ചാണ്‌ ഇങ്ങനെ പറയുന്നത്‌. മതമുള്ളിടത്തൊക്കെ വര്‍ഗ്ഗീയത ഉണ്ടാവുമെന്ന്‌ പറയുന്നത്‌ സ്‌ത്രീകള്‍ ഉള്ളിടത്തെല്ലാം സ്‌ത്രീ പീഡനം നടക്കുമെന്ന്‌ പറയുന്നതുപോലുള്ള വങ്കത്തരമാണ്‌.

അധികാരത്തിനുവേണ്ടി ആരുമായും കൂട്ടുകൂടാമെന്ന സി.പി.എം. കാഴ്‌ചപ്പാട്‌ അടവുനയത്തിന്റെ ഭാഗമാണ്‌. കമ്യൂണിസ്റ്റ്‌ പാര്‍ട്ടി വളര്‍ത്താന്‍ സ്റ്റാലിന്‍ പണ്ട്‌ ബാങ്കുകള്‍ കൊള്ളയടിച്ചതിന്റെ രേഖകള്‍ പുറത്തുവന്നിരുന്നു. അതും ഒരുതരം അടവുനയമായിരുന്നു. അധികാരമുണ്ടെങ്കിലേ മാറ്റം സാധ്യമാവൂ എന്ന ലെനിനിസ്റ്റ്‌ കാഴ്‌ചപ്പാടിന്റെ ഭാഗമാണത്‌. തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യത്തിലൂടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനാവുമെന്നാണ്‌ ലെനിനിസ്റ്റ്‌ ചിന്താരീതി. ഹിറ്റ്‌ലറും മുസ്സോളനിയുമെല്ലാം ഇതേ ചിന്താഗതിക്കാരായിരുന്നു. അതൊരു തെറ്റായ ധാരണ മാത്രമാണ്‌. ലെനിന്‌ പോലും അതിന്‌ കഴിഞ്ഞിട്ടില്ലെന്നത്‌ വേറെക്കാര്യം. ഗാന്ധിജിയും അംബേദ്‌കറുമൊന്നും സമൂഹത്തില്‍ മാറ്റങ്ങളുണ്ടാക്കിയത്‌ അധികാരം കൊണ്ടായിരുന്നില്ല. ജനങ്ങള്‍ക്കിടയിലുള്ള പ്രവര്‍ത്തനത്തിലൂടെയായിരുന്നു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ പൊന്നാനിയില്‍ പി.ഡി.പി പോലുള്ള കക്ഷികളുമായി സി.പി.എം ഉണ്ടാക്കിയ ധാരണ ഇതിന്‌ തെളിവായിരുന്നു. ജയില്‍വാസത്തിനുശേഷം മഅ്‌ദനി മാറിയെന്നാണ്‌ പറയുന്നത്‌. അതേക്കുറിച്ച്‌ എനിക്ക്‌ വേണ്ടത്ര തിട്ടമില്ല. ജയിലില്‍ പോകും മുന്‍പ്‌ അദ്ദേഹം നടത്തിയ ചില പ്രസംഗങ്ങളുടെ കാസറ്റുകള്‍ കേട്ടിരുന്നു. വര്‍ഗ്ഗീയ വികാരം ആളിക്കത്തിക്കുന്നവയായിരുന്നു അത്‌. ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്‌ട്രീയ രംഗപ്രവേശം സി.പി.എമ്മിന്റെ നയംമാറ്റത്തിന്‌ കാരണമായി എന്ന്‌ പറയാനാവില്ല. തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമി സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നാണ്‌ പറയുന്നത്‌. അവരും മത്സരിക്കട്ടെ. മത്സരിക്കേണ്ടെന്ന്‌ പറയുന്നത്‌ ഒരു ജനാധിപത്യ സമൂഹത്തിന്‌ യോജിച്ചതല്ല. അതിനെ വെല്ലുവിളിയായി ഏറ്റെടുത്ത്‌ നേരിടുകയാണ്‌ വേണ്ടത്‌. ജമാഅത്തെ ഇസ്‌ലാമിക്ക്‌ വിദേശത്തുനിന്ന്‌ ഫണ്ടു ലഭിക്കുന്നുണ്ടെന്നാണ്‌ കേള്‍വി. യാഥാര്‍ഥ്യം എത്രത്തോളമുണ്ടെന്നറിയില്ല. അതേക്കുറിച്ച്‌ അന്വേഷണം നടത്തേണ്ടത്‌ സര്‍ക്കാര്‍ ഏജന്‍സികളാണ്‌. ജമാഅത്തെ ഇസ്‌ലാമി ഒരു കേഡര്‍ സ്വഭാവമുള്ള പാര്‍ട്ടിയാണ്‌. പട്ടാളച്ചിട്ടയുള്ള അത്തരം പാര്‍ട്ടികളെ ഉള്‍കൊള്ളാന്‍ കേരളത്തിലെ സാധാരണ ജനങ്ങള്‍ക്ക്‌ കഴിയില്ല. സാമൂഹ്യ പ്രശ്‌നങ്ങളില്‍ അത്‌ ശക്തമായ ഇടപെടല്‍ നടത്തുന്നുണ്ട്‌. മാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്നതിലും അവര്‍ ശ്രദ്ധിക്കുന്നു. എങ്കിലും സാധാരണ ജനങ്ങള്‍ ആ പ്രസ്ഥാനത്തെ വീക്ഷിക്കുന്നത്‌ അല്‍പം സംശയത്തോടെയാണ്‌. ജമാഅത്തെ ഇസ്‌ലാമിയുടെ പാശ്ചാത്തലവും അഭിപ്രായ സ്വാതന്ത്ര്യങ്ങളില്ലാത്ത കേഡര്‍ സ്വഭാവവും ആണിതിന്‌ കാരണം.

സി.പി.എം മൂല്യച്യുതി നേരിടുന്നുണ്ടോ?

സി.പി.എമ്മില്‍ മൂല്യച്ചുതിയുണ്ടെന്ന്‌ ഞാന്‍ വിശ്വസിക്കുന്നില്ല. പക്ഷേ, രണ്ട്‌ രീതിയിലുള്ള രാഷ്‌ട്രീയ ധാര അതില്‍ നിലനില്‍ക്കുന്നുണ്ട്‌. എ.കെ.ജിയെപ്പോലുള്ളവര്‍ സ്വീകരിച്ച സമീപനമായിരുന്നു ഇതില്‍ ഒന്നാമത്തേത്‌. സാധാരണ പക്ഷത്ത്‌ നിന്നുകൊണ്ട്‌ അവരുടെ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിക്കുക എന്നതായിരുന്നു അവരുടെ പക്ഷം. വി.എസിനെപ്പോലുള്ളവര്‍ എ.കെ.ജിയുടെ ആ പാത പിന്തുടരുന്നവരാണ്‌. അതില്‍ നിന്ന്‌ വ്യത്യസ്‌തമായ ഒന്ന്‌ ഇപ്പോള്‍ സി.പി.എമ്മില്‍ വളര്‍ന്നുവരുന്നുണ്ട്‌. കട്ടന്‍ ചായയും പരിപ്പുവടയും കഴിച്ച്‌ പാര്‍ട്ടിയെ വളര്‍ത്താനാവില്ലെന്ന്‌ ചില നേതാക്കള്‍ തന്നെ പറയുന്നു. ജനങ്ങള്‍ പണമുള്ളവരെ ഇഷ്‌ടപ്പെടാന്‍ തുടങ്ങിയിരിക്കുന്നു എന്ന ധാരണ കൊണ്ടായിരിക്കും, വാട്ടര്‍ തീം പാര്‍ക്കും സ്റ്റാര്‍ ഹോട്ടലുമൊക്കെ പാര്‍ട്ടിയുടെ ഭാഗമായി വരുന്നത്‌. രാഷ്‌ട്രീയ നിലനില്‍പ്പിന്‌ മസില്‍പവര്‍ വേണമെന്ന കാഴ്‌ചപ്പാടും സി.പി.എമ്മില്‍ ശക്തിപ്പെട്ടിട്ടുണ്ട്‌. ഇതിന്റെ ഭാഗമായിരിക്കാം കണ്ണൂര്‍ രാഷ്‌ട്രീയവും സഹകരണ സംഘങ്ങളിലെ ഭരണം പിടിച്ചെടുക്കലുമെല്ലാം. പാര്‍ട്ടിക്കുള്ളിലെ പോര്‌ കാരണമാണ്‌ മന്ത്രിമാര്‍ വിവാദങ്ങളില്‍ നിറയുന്നത്‌. മുഖ്യമന്ത്രി ഒരുപക്ഷത്തും മന്ത്രിമാരെല്ലാം മറ്റൊരു പക്ഷത്തുമാണ്‌. പലതും ചെയ്യണമെന്നുണ്ട്‌ ഈ സര്‍ക്കാരിന്‌. പക്ഷേ ഒന്നും ചെയ്യാന്‍ കഴിയുന്നില്ല.

കേരളത്തില്‍ വര്‍ഗ്ഗീയ ധ്രുവീകരണം നടക്കുന്നുണ്ടോ?

ന്യൂനപക്ഷങ്ങള്‍ രാജ്യത്ത്‌ സംഘടിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നത്‌ യാഥാര്‍ഥ്യമാണ്‌. ഇത്‌ ഇന്ത്യയിലെ മാത്രം സ്ഥിതിയല്ല. ലോകത്തൊട്ടാകെ അവഗണിക്കപ്പെട്ട്‌ കിടക്കുന്ന ജനവിഭാഗങ്ങള്‍ സംഘടിക്കാന്‍ തുടങ്ങിയിട്ടുണ്ട്‌. ദളിതരും സ്‌ത്രീകളും അവശ വിഭാഗങ്ങളും സംഘടിക്കുന്നുണ്ട്‌. അത്‌ അവരുടെ സുരക്ഷിതത്വ ബോധത്തിന്റെ ഭാഗമാണ്‌. ന്യൂനപക്ഷങ്ങള്‍ സംഘടിക്കുന്നു എന്ന്‌ പറഞ്ഞാല്‍ അവിടെ വര്‍ഗ്ഗീയത വളരുന്നു എന്ന ധാരണ ശരിയല്ല.

മതബോധം ഇന്ത്യയിലോ കേരളത്തിലോ എന്ന്‌ മാത്രമല്ല, ലോകത്തൊരിടത്തും സി.പി.എം വിചാരിച്ചാല്‍ ഇല്ലാതാക്കാന്‍ പറ്റുന്ന ഒന്നല്ല. ഏതെങ്കിലും മതത്തില്‍ വിശ്വസിക്കുന്നവര്‍ തങ്ങളുടെ പാര്‍ട്ടിയില്‍ പാടില്ല എന്ന്‌ പറയുന്നതൊക്കെ ഒരുതരം വിവരമില്ലായ്‌മയാണ്‌. കാറല്‍ മാര്‍ക്‌സ്‌ പോലും ഇത്തരം വിഡ്‌ഢിത്തം പറയില്ല. ഈയടുത്ത്‌ കെ.എന്‍ പണിക്കര്‍ തന്നെ ഒരു ലേഖനം എഴുതിയിരുന്നു. മതങ്ങള്‍ മതേതരത്വത്തെ വിഴുങ്ങുമോ..? എന്ന വിഷയത്തില്‍. ഒരുതരത്തിലും അര്‍ഥമില്ലാത്ത ചോദ്യമാണിത്‌. മതം ഒരിക്കലും മതേതരത്വത്തെ തകര്‍ക്കില്ല. മതവിശ്വാസം ആധുനിക കാലത്ത്‌ ശക്തിപ്പെട്ടിട്ടുണ്ട്‌. അതിന്‌ കാരണം നമ്മുടെ സാമൂഹ്യ പരിതസ്ഥിതി തന്നെയാണ്‌. നേരത്തെയുള്ള കൂട്ടുകുടുംബ വ്യവസ്ഥിതികളില്‍ പരസ്‌പരം ആത്മവിശ്വാസം പകരാന്‍ ആളുകളുണ്ടായിരുന്നു. ഇന്നതില്ല. പകരം ഭാര്യയും ഭര്‍ത്താവും ഒരു കുട്ടിയും അടങ്ങുന്ന അണുകുടുംബത്തിലേക്ക്‌ ചുരുങ്ങി. ഭര്‍ത്താവിന്റെ ജോലി എപ്പോള്‍ പോകുമെന്ന്‌ ആര്‍ക്കും നിശ്ചയമില്ല. ഇത്തരം അരക്ഷിതാവസ്ഥക്ക്‌ പരിഹാരമായി മനുഷ്യന്‍ കാണുന്നത്‌ ദൈവത്തെയും മതത്തെയുമാണ്‌. ഇത്‌ കേരളത്തില്‍ മാത്രം സംഭവിക്കുന്നതല്ല, ലോകത്തൊട്ടാകെ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളാണ്‌. അതിനെ മാര്‍ക്‌സിസം കൊണ്ട്‌ ഇല്ലാതാക്കാന്‍ കഴിയില്ല.

70 വര്‍ഷം കമ്യൂണിസ്റ്റ്‌ ഭരണം നടന്ന സോവിയറ്റ്‌ യൂണിയനില്‍പ്പോലും മതവിശ്വാസം ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല. 1990കളില്‍ സോവിയറ്റ്‌ യൂണിയന്റെ തകര്‍ച്ചയുടെ പാശ്ചാത്തലത്തില്‍, അവിടെയിറങ്ങിയ ഒരു സിനിമയുണ്ട്‌. അതിന്റെ അവസാന ഭാഗമിങ്ങനെയാണ്‌. തെരുവിലിരിക്കുന്ന ഒരുകൂട്ടം കമ്യൂണിസ്റ്റ്‌ അനുയായികളായ യുവാക്കളോട്‌ ഒരു സ്‌ത്രീ ചോദിക്കുന്നു. പള്ളിയിലേക്കുള്ള റോഡേതാണ്‌? പള്ളിയിലേക്ക്‌ ഒരുറോഡുമില്ലെന്ന്‌ യുവാക്കളുടെ മറുപടി. പള്ളിയിലേക്ക്‌ റോഡില്ലെങ്കില്‍ പിന്നെ വഴിയെന്തിനാണെന്ന അര്‍ഥപൂര്‍ണമായ ചോദ്യമായിരുന്നു ആ സ്‌ത്രീയില്‍ നിന്ന്‌ പിന്നീടുണ്ടായത്‌. ആ ചോദ്യത്തോടെയാണ്‌ സിനിമ അവസാനിക്കുന്നത്‌. 70 വര്‍ഷം കമ്യൂണിസ്റ്റ്‌ ഭരണം നടന്ന സോവിയറ്റ്‌ യൂണിയന്റെ സ്ഥിതി ഇതാണെങ്കില്‍ കേരളത്തില്‍ മതമില്ലാതാക്കാന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി നടത്തുന്ന ശ്രമങ്ങള്‍ എവിടെയെത്തുമെന്ന്‌ പറയേണ്ടതില്ലല്ലോ?

മതങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദ്ദത്തില്‍ നിന്നാണ്‌ മതേതരത്വം ഉണ്ടാകേണ്ടത്‌. മതങ്ങളെ നിലനിര്‍ത്തിയേ മതേതരത്വം സൃഷ്‌ടിക്കാന്‍ കഴിയൂ. അല്ലാതെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ചിന്തിക്കുന്ന പോലെ മതങ്ങളെ ഇല്ലാതാക്കിക്കൊണ്ട്‌ രാഷ്‌ട്രീയത്തിലൂടെ മാത്രം മതേതരത്വം സൃഷ്‌ടിക്കാന്‍ കഴിയില്ല. ലോകത്ത്‌ ഇത്രയധികം മതങ്ങള്‍ സൗഹാര്‍ദ്ദത്തോടെ ഒന്നിച്ചുനില്‍ക്കുന്നത്‌ ഇന്ത്യയില്‍ മാത്രമായിരിക്കും, പ്രത്യേകിച്ച്‌ കേരളത്തില്‍. വലിയൊരു വിഭാഗം ഹിന്ദുക്കളും മുസ്‌ലിംകളും ഇടകലര്‍ന്നാണ്‌ ഇവിടെ കഴിയുന്നത്‌. ഉത്തര്‍പ്രദേശിലോ, അതുപോലുള്ള മറ്റ്‌ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലോ ഇങ്ങനെ ഒരുപ്രദേശത്ത്‌ വിവിധ മതസ്ഥര്‍ ഒന്നിച്ചു കഴിയുന്നത്‌ കാണാനാവില്ല. അങ്ങനെയുള്ള കേരളത്തില്‍ ഭരണാധികാരികള്‍ തന്നെ വിവേകമില്ലാത്ത അഭിപ്രായങ്ങള്‍ പറയുമ്പോള്‍ അതിന്റെ ഭവിഷ്യത്ത്‌ കൂടി ഓര്‍ക്കണം.

ഭൂരിപക്ഷ പ്രീണനമാണോ നയംമാറ്റത്തിലൂടെ സി.പി.എം ലക്ഷ്യമിടുന്നത്‌?

പുതിയ നയം മാറ്റങ്ങളിലൂടെ സി.പി.എം ഒരുപക്ഷേ, ഭൂരിപക്ഷ പ്രീണനത്തിന്‌ ശ്രമിക്കുന്നുണ്ടാവാം. അതുകൊണ്ടൊന്നും കേരളത്തില്‍ കാര്യമില്ല. ഭൂരിപക്ഷ വര്‍ഗ്ഗീയത എന്നതുതന്നെ കേരളത്തില്‍ നടക്കുന്ന കാര്യമല്ല. ഹിന്ദുമതം എന്നതുതന്നെ സാങ്കല്‍പ്പികമാണ്‌. പുരാതന കൃതികളിലൊന്നിലും ഹിന്ദു എന്ന പ്രയോഗം കാണില്ല. സിന്ധു നദിക്കിപ്പുറമുള്ളവരെക്കുറിച്ച്‌ വിദേശികള്‍ പൊതുവെ വിശേഷിപ്പിച്ച പദമാണ്‌ ഹിന്ദു എന്നത്‌. അല്ലാതെ അതൊരു മതമല്ല. ഹിന്ദുമതത്തില്‍ അനേകം വിഭാഗങ്ങളുണ്ട്‌. അവരൊന്നും ഹിന്ദു എന്ന ഒറ്റ കാഴ്‌ചപ്പാടില്‍ ഒന്നിച്ചുനില്‍ക്കുന്നവരല്ല. അതുകൊണ്ടുതന്നെ ഇത്തരം പ്രസ്‌താവനകളിലൂടെ ഹിന്ദു ഭൂരിപക്ഷത്തെ പ്രീണിപ്പിക്കാമെന്നത്‌ തെറ്റായ ധാരണയാണ്‌.ഈഴവരില്‍നിന്നാണ്‌ സി.പി.എമ്മിന്‌ ഹിന്ദുക്കളില്‍ കൂടുതല്‍ പിന്തുണ ലഭിച്ചിട്ടുള്ളത്‌. ഇടക്കാലത്ത്‌ ഹിന്ദു മതത്തിലെ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിക്കാന്‍ ബ്രാഹ്മണര്‍ ഒരു ശ്രമം നടത്തിയിരുന്നെങ്കിലും ആധുനിക കാലത്ത്‌ അത്‌ തകര്‍ന്നുകഴിഞ്ഞു.

മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും പി.ബിയുടെയുമെല്ലാം പ്രസ്‌താവനകള്‍ തെരഞ്ഞെടുപ്പ്‌ മുന്നില്‍കണ്ടുള്ള ഒരു അടവുനയമായി മാത്രമേ കാണാനാവൂ. അല്ലാതെ കേരളത്തില്‍ അത്തരത്തിലൊരു വര്‍ഗ്ഗീയ ശക്തിപ്പെടല്‍ ഉണ്ടെന്ന്‌ സി.പി.എം വിശ്വസിക്കുമെന്ന്‌ കരുതുന്നില്ല. നേരത്തെ പറഞ്ഞല്ലോ, അധികാരമാണ്‌ അവര്‍ക്ക്‌ എല്ലാറ്റിലും വലുത്‌. മാര്‍ഗ്ഗം നന്നായാലേ ലക്ഷ്യം നേടൂ എന്നാണ്‌ ഗാന്ധി പറഞ്ഞത്‌. എന്നാല്‍ ലക്ഷ്യം നേടാന്‍ മാര്‍ഗ്ഗമേതുമാവാമെന്നാണ്‌ സി.പി.എമ്മിന്റെ നിലപാട്‌. അടവുനയം ഇതിനുവേണ്ടിയാണ്‌. ഈ അടവുനയം തെറ്റാണ്‌. എന്ത്‌ ലക്ഷ്യംവെച്ചായാലും ജനങ്ങളെ കബളിപ്പിക്കലാണത്‌. ഇ.എം.എസ്‌ നമ്പൂതിരിപ്പാടുണ്ടാക്കിയ ഒരു വൃത്തികെട്ട വാക്കാണ്‌ അടവുനയമെന്നത്‌. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി എ.കെ.ജിയും കേളപ്പനും കെ.ദാമോദരനുമെല്ലാം ജാതിപ്പേര്‌ മുറിച്ചുമാറ്റിയിരുന്നു. എന്നാല്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി രൂപം കൊണ്ടപ്പോള്‍ ജാതിപ്പേര്‌ മുറിച്ചുമാറ്റേണ്ടെന്ന്‌ ഇ.എം.എസ്‌ നിര്‍ദ്ദേശിച്ചതായി പഴയൊരു സഖാവ്‌ എന്നോട്‌ പറഞ്ഞിട്ടുണ്ട്‌. ജാതിപ്പേര്‌, ജനങ്ങളെ പാര്‍ട്ടിയിലേക്ക്‌ ആകര്‍ഷിക്കാനുള്ള മാര്‍ഗ്ഗമാക്കി മാറ്റാനായിരുന്നത്രെ ഇത്‌. കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ മറ്റൊരു അടവുനയമാണിതും.

മുസ്‌ലിംതീവ്രവാദ സംഘടനകളെ മുസ്‌ലിംലീഗ്‌ സംഘടിപ്പിക്കുന്നുവെന്ന ആഭ്യന്തരമന്ത്രിയുടെ പ്രസ്‌താവന എങ്ങനെ കാണുന്നു?

കേരളത്തിന്റേത്‌ തികഞ്ഞ മതേതര പാരമ്പര്യമാണ്‌. വിവിധ മതങ്ങളും ജാതികളുമെല്ലാം ഇത്ര സൗഹൃദത്തില്‍ കഴിയുന്ന നാട്‌ ഇന്ത്യയില്‍ എന്നല്ല, ലോകത്തൊരിടത്തും വേറെയുണ്ടാവില്ല. കേരളത്തിന്റെ മതേതരസംസ്‌കാരം വളര്‍ത്തിയെടുക്കുന്നതില്‍ മുസ്‌ലിംകളും ക്രിസ്‌ത്യാനികളും വഹിച്ച പങ്ക്‌ ചെറുതായി കാണാനാവില്ല. പ്രത്യേകിച്ച്‌ ഈ വിഷയത്തില്‍ മുസ്‌ലിംലീഗിനെപ്പോലുള്ള ഒരു രാഷ്‌ട്രീയ പ്രസ്ഥാനം വഹിച്ച പങ്ക്‌. മുസ്‌ലിംസമൂഹത്തിന്റെ സാമൂഹ്യ, വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട്‌ പക്വതയുള്ള ഒരുകൂട്ടം നേതാക്കളാണ്‌ മുസ്‌ലിംലീഗിന്‌ രൂപംനല്‍കിയത്‌. മുസ്‌ലിംകള്‍ക്കിടയിലെ വര്‍ഗ്ഗീയ ശക്തികളെ മുസ്‌ലിംലീഗ്‌ സംഘടിപ്പിക്കുന്നു എന്നൊക്കെ ആഭ്യന്തരമന്ത്രി പറയുന്നത്‌ ചരിത്രം അറിയാത്തതുകൊണ്ടാണ്‌. കേരളത്തില്‍ മുസ്‌ലിംലീഗ്‌ ഏതെങ്കിലും തരത്തിലുള്ള വര്‍ഗ്ഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്‌ യാതൊരു തെളിവുമില്ല. മുസ്‌ലിംസമൂഹത്തിന്റെ സാമൂഹിക, വിദ്യാഭ്യാസ പുരോഗതിയില്‍ ലീഗ്‌ വഹിച്ച പങ്കു ചെറുതല്ല. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ മതേതരത്വം കാത്തുസൂക്ഷിക്കുന്ന മുസ്‌ലിം സംഘടനയാണ്‌ ലീഗ്‌. കേരളത്തിലെ മുസ്‌ലിംകളെല്ലാം വര്‍ഗ്ഗീയവാദികളാണ്‌ എന്ന തരത്തില്‍ നടക്കുന്ന പ്രചാരണങ്ങള്‍ ഒന്നും ശരിയല്ല. അതേസമയം മാധ്യമങ്ങളെ ഇക്കാര്യത്തില്‍ കുറ്റം പറയാനാവില്ല. സെന്‍സേഷനല്‍ വാര്‍ത്തകള്‍ക്ക്‌ അവര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ട്‌. അത്‌ കേരളത്തിന്റെ ട്രന്റ്‌ ആ രീതിയില്‍ ആയതുകൊണ്ടാണ്‌. അതേസമയം മുസ്‌ലിംകള്‍ക്കിടയിലെ ചില തെറ്റായ പ്രവണതകള്‍, യുവാക്കളെ തെറ്റിലേക്ക്‌ നയിക്കുന്നുണ്ട്‌. ഇത്തരം പ്രശ്‌നങ്ങള്‍ക്കെതിരെ ഏറ്റവും ക്രിയാത്മകമായി ഇടപെടാന്‍ കഴിയുന്ന മുസ്‌ലിം സംഘടന മുസ്‌ലിംലീഗാണ്‌. അതിനുവേണ്ടി മുസ്‌ലിംലീഗ്‌ അതിന്റെ മാധ്യമസാന്നിധ്യം ശക്തിപ്പെടുത്തണം.

കേരളത്തിലെ മുസ്‌ലിം സാമൂഹ്യപരിഷ്‌കരണ രംഗത്തുണ്ടായ ചലനങ്ങളുടെ സൃഷ്‌ടിയായിരുന്നു മുസ്‌ലിംലീഗ്‌. 1922ല്‍ കൊടുങ്ങല്ലൂരില്‍ തുടങ്ങിയ മുസ്‌ലിം ഐക്യസംഘമാണ്‌ കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ സാമുദായികാടിസ്ഥാനത്തില്‍ സംഘടിക്കുന്നതിനുള്ള ആദ്യ പ്രചോദനമാകുന്നത്‌. പ്രാദേശിക പ്രമാണി കുടുംബങ്ങളിലെ തര്‍ക്കം പരിഹരിക്കാന്‍ രൂപംകൊടുത്ത ഈ പ്രസ്ഥാനം പിന്നീട്‌ മലബാറിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ വ്യാപിക്കുകയും വിദ്യാഭ്യാസ, സാമൂഹ്യ, സാംസ്‌കാരിക രംഗത്ത്‌ പരിഷ്‌കരണ ചിന്താഗതിയോടെ പ്രവര്‍ത്തിക്കുയും ചെയ്‌തു. വക്കം അബ്‌ദുല്‍ ഖാദര്‍ മൗലവിയെപ്പോലുള്ളവരാണ്‌ അന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയത്‌. മുസ്‌ലിം സാമൂഹ്യപുരോഗതിക്ക്‌ പുതിയ പാത വെട്ടിത്തുറക്കുകയായിരുന്നു ഇതിലൂടെ വക്കം മൗലവിയെപ്പോലുള്ള നേതാക്കള്‍ ചെയ്‌തത്‌. ഐക്യസംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ തുടങ്ങിയ ഈ സംഘാടനമാണ്‌ പിന്നീട്‌ രാഷ്‌ട്രീയമായി സംഘടിക്കുന്നതിനും കേരളത്തിലെ മുസ്‌ലിംകളെ പ്രേരിപ്പിപ്പിച്ചത്‌.

സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ അലയൊലികള്‍ കേരളത്തില്‍, പ്രത്യേകിച്ച്‌ മലബാറില്‍ ഏറെ ശക്തിയാര്‍ജ്ജിച്ച്‌ തുടങ്ങിയ കാലമായിരുന്നു അത്‌. മുഹമ്മദ്‌ അബ്‌ദുറഹിമാന്‍ സാഹിബിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം കോണ്‍ഗ്രസിനു കീഴില്‍ സ്വാതന്ത്ര്യസമരത്തിന്‌ ശക്തിപകരാന്‍ രംഗത്തിറങ്ങിയപ്പോള്‍ അഖിലേന്ത്യാ മുസ്‌ലിംലീഗിന്റെ ഭാഗമായി പ്രവര്‍ത്തിക്കാനായിരുന്നു ഐക്യസംഘത്തെ വളര്‍ത്തിയ നേതാക്കളുടെ തീരുമാനം. അഖിലേന്ത്യാ ലീഗിനൊപ്പം പ്രവര്‍ത്തിക്കുമ്പോഴും പരിഷ്‌കരണ ആശയങ്ങള്‍ അത്‌ കൈവിട്ടിരുന്നില്ല. 1947ലെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിനുശേഷം കേരളത്തിലെ മുസ്‌ലിംലീഗ്‌ നേതാക്കള്‍ മുഹമ്മദലി ജിന്നയെപ്പോയി കണ്ടു. എന്നാല്‍ മുസ്‌ലിംലീഗ്‌ പിരിച്ചുവിട്ട്‌ മറ്റ്‌ പ്രസ്ഥാനങ്ങളില്‍ ചേരാനായിരുന്നു ജിന്ന നല്‍കിയ നിര്‍ദ്ദേശം. ഇതില്‍ തൃപ്‌തരാകാതെയാണ്‌ മുഹമ്മദ്‌ ഇസ്‌മാഈല്‍ സാഹിബും സീതി സാഹിബും പോലുള്ള നേതാക്കള്‍ മദ്രാസിലെത്തി ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്‌ രൂപം നല്‍കുന്നത്‌. ഇന്ത്യന്‍ ഭരണഘടനെയും ഇന്ത്യന്‍ മതേതര ജനാധിപത്യ മൂല്യങ്ങളെയും പൂര്‍ണമായി അംഗീകരിച്ചുകൊണ്ട്‌ രൂപംകൊടുത്ത സംഘടനയായിരുന്നു അത്‌. എന്നാല്‍ പലപ്പോഴും പഴയ അഖിലേന്ത്യാ ലീഗിനെ വെച്ചാണ്‌ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിനെ പലരും വിമര്‍ശിക്കുന്നത്‌. ഇത്‌ തെറ്റിദ്ധാരണ കൊണ്ടാണ്‌. സാക്ഷാല്‍ നെഹ്‌റു പോലും കോഴിക്കോട്ടുവന്ന്‌ മുസ്‌ലിംലീഗ്‌ ചത്ത കുതിരയാണെന്ന്‌ പ്രഖ്യാപിച്ചത്‌ പഴയ അഖിലേന്ത്യാ ലീഗാണ്‌ കേരളത്തിലേതെന്ന്‌ തെറ്റിദ്ധരിച്ചതുകൊണ്ടാണെന്നാണ്‌ മനസ്സിലാക്കുന്നത്‌. ഇത്തരം തെറ്റിദ്ധാരണകളെ നീക്കേണ്ടത്‌ ലീഗ്‌ തന്നെയാണ്‌.

മലബാറിലെ ദളിതര്‍ക്കും പിന്നാക്കക്കാര്‍ക്കും ആത്മവിശ്വാസം പകര്‍ന്നത്‌ കേരളത്തില്‍ മിഷണറി പ്രവര്‍ത്തനങ്ങളുമായെത്തിയ സയ്യിദുമാരായിരുന്നു. ജന്മിമാരോട്‌ എതിര്‍ക്കാനും സ്വയം ആത്മാഭിമാനം വളര്‍ത്തിയെടുക്കാനും മമ്പുറം തങ്ങളെപ്പോലുള്ളവര്‍ പകര്‍ന്നുകൊടുത്ത ധൈര്യം ചെറുതായിരുന്നില്ല. മലബാര്‍ കലാപകാലത്ത്‌ ബ്രിട്ടീഷ്‌ പട്ടാളത്തിനെതിരെ പോരാടാന്‍ മാപ്പിളമാര്‍ക്ക്‌ ഊര്‍ജ്ജം പകര്‍ന്നുനല്‍കിയതും സയ്യിദുമാരായിരുന്നു. സ്വാതന്ത്ര്യ സമര പോരാട്ടങ്ങളില്‍ മുഹമ്മദ്‌ അബ്‌ദുറഹിമാന്‍ സാഹിബന്റെ പങ്ക്‌ ഒരിക്കലും വിസ്‌മരിക്കാന്‍ കഴിയില്ല. കോണ്‍ഗ്രസ്‌ നേതാവ്‌ എന്നതിലുപരി മുസ്‌ലിംകളുടെ പുരോഗതിക്കുവേണ്ടി കഠിനപ്രയത്‌നം ചെയ്‌ത നേതാവായിരുന്നു അദ്ദേഹം. മുസ്‌ലിംകളുടെ നേതാവ്‌ എന്ന രീതിയില്‍ ലീഗ്‌ അദ്ദേഹത്തെ കൂടുതല്‍ ആദരിക്കേണ്ടിയിരുന്നു എന്ന്‌ അഭിപ്രായമുണ്ട്‌.

പില്‍ക്കാലത്ത്‌ മുസ്‌ലിംസമൂഹത്തെ മുസ്‌ലിംലീഗിനൊപ്പം അടുപ്പിച്ചുനിര്‍ത്തുന്നതില്‍ പാണക്കാട്‌ കുടുംബം വഹിച്ച പങ്ക്‌ ചെറുതല്ല. ശിഹാബ്‌ തങ്ങളെ ഒന്നിലധികം തവണ പോയി കണ്ട്‌ സംസാരിച്ചിട്ടുണ്ട്‌. യഥാര്‍ത്ഥ ഇസ്‌ലാമിക സംസ്‌കാരത്തിന്റെ മഹത്തായ പ്രതീകമായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വം. തന്റെ മുന്നിലെത്തുന്നവര്‍ക്ക്‌ സാന്ത്വനവും ആത്മവിശ്വാസവും പകര്‍ന്നുനല്‍കുന്നു, അവര്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുന്നു. അഗാധമായ പാണ്ഡിത്യവും മനസ്സിന്റെ വിശാലതയുമായിരുന്നു ശിഹാബ്‌ തങ്ങളുടെ മഹത്വം. ബാബ്‌രി മസ്‌ജിദ്‌ തകര്‍ച്ചയുടെ ഘട്ടത്തിലൊക്കെ കേരളത്തിലെ മുസ്‌ലിംലീഗ്‌ സ്വീകരിച്ചനിലപാടായിരുന്നു ഏറ്റവും വിവേകമുള്ളത്‌. അത്തരം ഘട്ടങ്ങളിലൊക്കെ വര്‍ഗ്ഗീയ ചിന്തയിലേക്ക്‌ നീങ്ങാതെ മുസ്‌ലിംകളെ പിടിച്ചുനിര്‍ത്തുന്നതില്‍ മുസ്‌ലിംലീഗ്‌ വഹിച്ച പങ്ക്‌ അനിഷേധ്യമാണ്‌.

തെരഞ്ഞെടുപ്പുകളിലെ തിരിച്ചടിയാണോ സി.പി.എമ്മിനെ പുതിയ രീതിയില്‍ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചത്‌?

സമീപകാലത്ത്‌ നടന്ന തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിനുണ്ടായ തിരിച്ചടി ഒരുപക്ഷേ, അവരുടെ നയംമാറ്റത്തിന്‌ കാരണമായിട്ടുണ്ടാവാം. ഒരു ഇടതുപക്ഷ സര്‍ക്കാരില്‍നിന്ന്‌ പ്രതീക്ഷിച്ചതൊന്നും കിട്ടിയില്ലെന്ന സാധാരണക്കാരുടെ വിശ്വാസം പരാജയ കാരണങ്ങളില്‍ ഒന്നാണ്‌. സി.പി.എമ്മിനെതിരെ മാധ്യമങ്ങള്‍ ബോധപൂര്‍വ്വം വാര്‍ത്തകള്‍ മെനയുകയാണെന്ന ആരോപണമൊന്നും ശരിയല്ല. വാര്‍ത്തകളുണ്ടെങ്കില്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കും. കേരളത്തില്‍ പനി പടരുന്നത്‌ മാധ്യമങ്ങള്‍ പറയുന്നതാണെന്നതാണ്‌ കഴിഞ്ഞദിവസം ആരോഗ്യമന്ത്രി പറഞ്ഞത്‌. കേരളത്തില്‍ പനി പടരുന്നു എന്നത്‌ വാര്‍ത്തയാണ്‌. അത്‌ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കും. അല്ലാതെ വാര്‍ത്തകള്‍ക്കു പിന്നില്‍ മാധ്യമ സിണ്ടിക്കേറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആരോപണങ്ങളൊന്നും ശരിയല്ല.

കേരളത്തിന്റെ സാമൂഹ്യ പുരോഗതിയില്‍ ന്യൂനപക്ഷങ്ങളുടെ പങ്ക്‌?

കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക പുരോഗതിയില്‍ മുസ്‌ലിംകളും ക്രിസ്‌ത്യാനികളും വഹിച്ച പങ്ക്‌ വിസ്‌മരിക്കാന്‍ കഴിയില്ല. മുസ്‌ലിംകള്‍ കോഴിക്കോട്ട്‌ താമസമാക്കിയിരുന്നില്ലെങ്കില്‍ ഇന്നൊരു പതിനഞ്ച്‌ കടപോലും കോഴിക്കോട്ടങ്ങാടിയില്‍ തികച്ചുണ്ടാകുമായിരുന്നില്ല. ഗള്‍ഫ്‌ രാജ്യങ്ങളുമായുള്ള ബന്ധവും അവിടെ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ലഭിച്ചതും കേരളത്തിന്‌ നേട്ടം ചെയ്‌തു. അതേസമയം വാണിജ്യ രംഗത്ത്‌ ഏറെ മുന്നേറിയപ്പോഴും വ്യാവസായിക രംഗത്തേക്ക്‌ കടക്കുന്നതില്‍ അവര്‍ ശ്രദ്ധിച്ചില്ല. കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരത്തെ ഇത്രയധികം അഭിവൃദ്ധിപ്പെടുത്തിയത്‌ ക്രിസ്‌ത്യാനികളാണ്‌. മലകളും കാടുകളും വെട്ടിനിരത്തി കൃഷിക്ക്‌ യോഗ്യമാക്കിയത്‌ അവരായിരുന്നു. എന്നാല്‍ ഏറെ സാധ്യതകളുള്ള റബ്ബര്‍ പോലുള്ള ഉത്‌പന്നങ്ങളില്‍നിന്ന്‌ പോലും വ്യാവസായിക ഉത്‌പന്നങ്ങള്‍ ഉണ്ടാക്കുന്നതിന്‌ അവര്‍ക്കും കഴിഞ്ഞില്ല. ഇടക്കാലത്ത്‌ അത്തരം ശ്രമങ്ങള്‍ നടന്നെങ്കിലും ട്രേഡ്‌ യൂണിയനുകളുടെ അതിപ്രസരം അതിന്‌ തടസ്സമായി. ആംഗലേയ കഥയിലെ ഫ്രാങ്ക്‌ ഐന്‍സ്റ്റീന്‍ പിശാചിനെപ്പോലെയാണ്‌ സി.പി.എമ്മിനിന്ന്‌ അതിന്റെ തൊഴിലാളി സംഘടന. പാര്‍ട്ടിക്ക്‌ പോലും നിയന്ത്രിച്ചാല്‍ കിട്ടാത്ത വിധം വളര്‍ന്ന അത്‌ ഇന്ന്‌ സി.പി.എമ്മിന്‌ തന്നെ ദ്രോഹമാവുകയാണ്‌. ആലപ്പുഴയില്‍ തുറമുഖ വികസനത്തിന്‌ ഏറെ സാധ്യതകളുള്ള പ്രദേശമായിരുന്നു. അത്‌ ഇല്ലാതാക്കിയത്‌ ട്രേഡ്‌ യൂണിയനുകളാണ്‌. അവകാശ പോരാട്ടങ്ങള്‍ക്കുവേണ്ടിയാണ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി തൊഴിലാളികളെ സംഘടിപ്പിച്ചത്‌. എന്നാല്‍ ഇന്നത്‌ വ്യവസായങ്ങള്‍ക്ക്‌ തുരങ്കംവെക്കുകയാണ്‌. കേരളത്തില്‍ ഏതെങ്കിലും വ്യവസായം വന്നാല്‍ തൊട്ടുപിന്നാലെ അവിടെ ഇങ്ക്വിലാബ്‌ വിളി ഉയരും. അത്‌ മാറണം.

കിനാലൂര്‍ പോലുള്ള സംഭവങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ത്തെന്ന്‌ കരുതുന്നുണ്ടോ?

സാധാരണക്കാരന്റെ അഞ്ചും പത്തും സെന്റ്‌ പിടിച്ചടക്കിയുള്ള റോഡ്‌ വികസനത്തോട്‌ യോജിക്കാനാവില്ല. കേരളം ജനസാന്ദ്രത കൂടിയ പ്രദേശമാണ്‌. വെള്ളവും വെളിച്ചവും ഒരുപോലെ ലഭിക്കുന്ന കേരളത്തിലെ കാലാവസ്ഥയാണ്‌ ഈ ജനസാന്ദ്രതക്കു കാരണം. നമ്മുടെ നാട്ടില്‍ നടക്കുന്ന പല റോഡ്‌ വികസനങ്ങള്‍ക്കും റിയല്‍എസ്റ്റേറ്റ്‌ ലക്ഷ്യമുണ്ട്‌. സാധാരണക്കാരെ കുടിയൊഴിപ്പിച്ച്‌ റോഡ്‌ വീതി കൂട്ടുന്നതിന്‌ പകരം കാറുകളുടെയും മറ്റ്‌ ആഡംബരവാഹനങ്ങളുടെയും രജിസ്‌ട്രേഷന്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുകയാണ്‌ വേണ്ടത്‌. അത്‌ പ്രകൃതിക്കും ജനങ്ങള്‍ക്കും ഒരുപോലെ ഗുണംചെയ്യും. ബംഗാളില്‍ സി.പി.എമ്മിന്‌ സംഭവിച്ചതും ഇതുതന്നെയാണ്‌. സിംഗൂര്‍ പോലുള്ള പ്രദേശങ്ങളില്‍ ടാറ്റയുടെ കാര്‍പ്ലാന്റിനുവേണ്ടി സാധാരണക്കാരെ കുടിയൊഴിപ്പിച്ചത്‌ മഹാ അപരാധമായിരുന്നു. അപ്പര്‍മിഡില്‍ക്ലാസ്‌ വിഭാഗക്കാരായ ബാബുവര്‍ഗ്ഗത്തെ പ്രീണിപ്പിക്കാന്‍ നടത്തിയ ശ്രമമാണ്‌ ബംഗാളില്‍ സി.പി.എമ്മിന്‌ തിരിച്ചടിയായത്‌.

തയ്യാറാക്കിയത്‌-എ.പി.ഇസ്‌മായില്‍

Friday, March 5, 2010

പാനൂരില്‍ വിരിയുന്ന ചെന്താമര

-സി.പി. സൈതലവി

ചുവപ്പ്‌ നരച്ചാല്‍ കാവിയാകും. കാവി ചുകപ്പില്‍ കയറിയാലോ? പാനൂരങ്ങാടിയിലെ പുതിയ താമരയാകും. ചെന്താമര. അക്കരിയിക്കരെ നിന്നു കണ്ടും ചിരിച്ചും കാലം കഴിക്കുന്നതിനു പകരം കൈ കോര്‍ത്തുപിടിച്ചു നടക്കാന്‍ തന്നെ തീരുമാനിച്ചിരിക്കുന്നു വിശുദ്ധ കമ്മ്യൂണിസ്റ്റും വിശ്വഹിന്ദു പരിഷത്തും. അതിന്റെ ആദ്യ വെടി വഴിപാട്‌ ഇന്നലെ (2010 മാര്‍ച്ച്‌ 4) പാര്‍ട്ടി പത്രം തന്നെ നടത്തിക്കഴിഞ്ഞു. മുഖപ്രസംഗ രൂപത്തില്‍. പാനൂരങ്ങാടിയില്‍ എവിടെ ബസ്‌ നിര്‍ത്തണമെന്നതാണ്‌ തര്‍ക്കം.
മൂന്നു സംസ്ഥാനങ്ങള്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ ഔദ്യോഗിക പത്രത്തില്‍ മുഖപ്രസംഗമാകാന്‍ മാത്രം പ്രാധാന്യം ഒരു പഞ്ചായത്താസ്ഥാനത്തെ ഗതാഗത പരിഷ്‌ക്കരണത്തിനുണ്ടെന്ന്‌ പത്രം നോക്കി ശീലമുള്ള ഒരു പാര്‍ട്ടിക്കാരനും പറയില്ല. പിന്നെന്ത്‌ ഗുണം? ഇങ്ങനെയൊരു സൗഹൃദം ഉദ്‌ഘാടനം ചെയ്‌തുകഴിഞ്ഞുവെന്ന്‌ ഔദ്യോഗികമായി പാര്‍ട്ടി അണികളെ അറിയിക്കാന്‍ ഇത്രയും മെച്ചപ്പെട്ട വേറൊരു സൂത്രമില്ല.

പാനൂര്‍ ടൗണില്‍ വന്നുംപോയുമിരിക്കുന്ന സര്‍വജനവും സമ്മതിച്ച ഗതാഗത പരിഷ്‌ക്കാരമായിരുന്നു പഞ്ചായത്ത്‌ ഭരണസമിതിയുടെ നേതൃത്വത്തിലുണ്ടായത്‌. കുറെ കഴിഞ്ഞപ്പോള്‍ സി.പി.എമ്മിന്റെ വ്യാപാര സമിതിക്കാര്‍ ഒരു എതിര്‍പ്പ്‌ പാസ്സാക്കി. മരക്കൊമ്പില്‍ നിന്നു ചാടുംപോലെ സി.പി.എമ്മും ബി.ജെ.പി.യും അതേറ്റെടുത്തു. സമരസമിതിയായി. ചെയര്‍മാന്‍ സി.പി.എം. നേതാവ്‌ പി.കെ. കുഞ്ഞനന്തന്‍. യുവമോര്‍ച്ച ജില്ലാ സെക്രട്ടറി പി.പി. സുരേന്ദ്രന്‍ കണ്‍വീനറും. കൂത്തുപറമ്പ്‌ നിയോജക മണ്‌ഡലമാകെ പ്രചാരണ വാഹനജാഥ. ഐക്യം പാനൂര്‍ വിട്ട്‌ മണ്‌ഡലമാസകലം സാധിപ്പിച്ചെടുക്കുക ലക്ഷ്യം. കാരണം ലളിതം. യു.ഡി.എഫിന്റെ ശക്തിദുര്‍ഗ്ഗമായ പാനൂര്‍ പഞ്ചായത്ത്‌ പുതിയ വിഭജനത്തില്‍ കൂത്തുപറമ്പ്‌ മണ്‌ഡലത്തിലായിരിക്കുന്നു. കേരള കമ്മ്യൂണിസ്റ്റുകളുടെ കുലഗുരു ഇ.പി. ജയരാജന്റെ തട്ടകം കൈവിടുന്ന ലക്ഷണം. സി.പി.എം ഒറ്റക്ക്‌ കൂട്ടിയാല്‍ കൂടില്ല. സംഘ്‌പരിവാരം ശങ്കയേതുമില്ലാതെ കൂടെ വേണം. അതിനു ബസ്‌ സ്റ്റോപ്പില്‍ നിന്നൊരു തുടക്കം. പാനൂരങ്ങാടിയില്‍ തുടങ്ങുന്ന പുതിയ സഖ്യരാഷ്‌ട്രീയ പാലം പണി പാറശ്ശാല വരെ നീളണം. വടക്ക്‌ കാസര്‍ക്കോടും. പറ്റിയാല്‍ പാര്‍ലമെന്റോളം. ഇത്ര കാലം തലയില്‍ മുണ്ടിട്ട്‌ നടത്തിയ കൂട്ടുകൃഷിക്ക്‌ ഇനി ഒരു പൊതുവിപണി.

കേരളത്തില്‍ സി.പി.എമ്മുമായി ഒരു സൗഹൃദ ചര്‍ച്ചക്ക്‌ തയ്യാറാണെന്ന്‌ ആര്‍.എസ്‌.എസ്‌. മേധാവി, സര്‍സംഘചാലക്‌ മോഹന്‍ ഭാഗവത്‌ ഫെബ്രു. 25ന്‌ തിരുവനന്തപുരത്ത്‌ പറഞ്ഞതും ദേശാഭിമാനി മുഖപ്രസംഗമെഴുതിയതും തമ്മില്‍ ഇനി ദൂരമധികമില്ല. ഒരേ സ്റ്റോപ്പിലിറങ്ങിയാല്‍ മതി.
ഫെബ്രുവരി 24-ലെ ആര്‍.എസ്‌.എസ്‌. സമ്മേളനത്തിന്റെ (പ്രാന്തസാംഘിക്‌) സംഘാടക സമിതി ഓഫീസ്‌ ഇക്കഴിഞ്ഞ ഫെബ്രു. 20ന്‌ കൊല്ലത്ത്‌ ഉദ്‌ഘാടനം ചെയ്യാനെത്തിയത്‌ സി.പി.എമ്മിന്റെ കോര്‍പ്പറേഷന്‍ മേയര്‍ എന്‍. പത്മലോചനന്‍. നാലാളറിഞ്ഞപ്പോള്‍ പാര്‍ട്ടി അച്ചടക്ക നടപടി എന്ന പേരില്‍ കണ്ടവന്റെ കണ്ണില്‍ പൊടിയിട്ടെങ്കിലും പത്മലോചനന്റെ ഭക്തിപാരവശ്യത്തിന്‌ ഒരു സംഘ്‌ ഛായയുണ്ടായിരുന്നു. ആര്‍.എസ്‌.എസ്‌. പരമാചാര്യന്‍മാരായ ഹെഡ്‌ഗേവാര്‍, ഗോള്‍വാള്‍ക്കര്‍ എന്നിവരുടെ ഛായാചിത്രത്തിന്‌ മുമ്പില്‍ നിലവിളക്കു കൊളുത്തിയായിരുന്നു ഉദ്‌ഘാടനം. ഹൈന്ദവ വിശ്വാസി സമൂഹം ആരാധിക്കുന്ന ഏതെങ്കിലും ദേവീദേവന്‍മാരുടെ മുന്നില്‍ പോലുമല്ല ഈ മുതിര്‍ന്ന മാര്‍ക്‌സിസ്റ്റ്‌ നേതാവ്‌ അര്‍ദ്ധനിമീലിത നേത്രങ്ങളുമായി ശ്വാസമടക്കിപ്പിടിച്ചു നിന്നത്‌.
പത്മലോചനനും മുന്നെ പത്മക്കുളത്തില്‍ മുങ്ങാന്‍ പോയി മറ്റൊരു സി.പി.എം. നേതാവ്‌. പാര്‍ട്ടി ആലപ്പുഴ ജില്ലാ കമ്മിറ്റിയംഗവും ആലപ്പുഴ നഗരസഭാ ചെയര്‍മാനുമായ പി.പി. ചിത്തരഞ്‌ജന്‍. വിശ്വഹിന്ദു പരിഷത്ത്‌ സേവാ വിഭാഗം 2009 ആഗസ്റ്റ്‌ 29, 30, 31 തീയതികളില്‍ ആലപ്പുഴയില്‍ നടത്തിയ `ബാലകാരുണ്യം' സമ്മേളനത്തിലായിരുന്നു സഖാവ്‌ മുഖ്യാതിഥിയായത്‌. കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ സി.പി.എം. നേതാവിന്‌ വരവേല്‌പ്‌ ഉജ്ജ്വലമാക്കി വിശ്വഹിന്ദു പരിഷത്തുകാര്‍. സംഭവം നടന്നിട്ട്‌ ആറു മാസം കഴിഞ്ഞു. ചിത്തരഞ്‌ജനെതിരെ പറയത്തക്ക നടപടിയൊന്നുമില്ല. അതിന്‌ സംഗതി ആരും കണ്ടിട്ടില്ലല്ലോ എന്നാകും സമാധാനം. പത്മലോചനന്റെ കാര്യത്തില്‍ അച്ചടക്ക നടപടിക്കു കാലാവധി പോലും നിശ്ചയിച്ചിട്ടുമില്ല.

1977-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്തെ സി.പി.എം. സ്ഥാനാര്‍ത്ഥി, കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍, സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം തുടങ്ങി ഉന്നത പദവികള്‍ പലതും വഹിച്ച ഒരാള്‍ ആര്‍.എസ്‌.എസ്സിന്റെ കാക്കിയണിയുമ്പോള്‍ അത്‌ വെറുമൊരു സസ്‌പെന്‍ഷന്‍ കൊണ്ട്‌ തീരേണ്ടതല്ല. സി.പി.എം. ഞരമ്പില്‍ സംഘരക്തം കയറുന്നതിന്റെ രസതന്ത്രം നാട്ടുകാരോടെങ്കിലും പാര്‍ട്ടി വിശദീകരിക്കേണ്ടിവരും. വെറും പാര്‍ട്ടി ഭാരവാഹികള്‍ മാത്രമല്ല ഇവര്‍. ബാബരി ധ്വംസനം, ഗുജറാത്ത്‌ ഉള്‍പ്പെടെയുള്ള ഫാസിസ്റ്റ്‌ നരമേധത്തിനെതിരായ പ്രതിഷേധ വോട്ടുകള്‍ കൂടി വാങ്ങി മതേതരത്വത്തിന്റെ പേരില്‍ അധികാരമേറിയവരാണ്‌. കാടാമ്പുഴയില്‍ പൂമൂടിയപോലെ ഒരു പ്രത്യയശാസ്‌ത്ര തര്‍ക്കമല്ലിത്‌. ജനങ്ങളോടുള്ള വെല്ലുവിളി.
2005-ലെ നിയമസഭാ തെരഞ്ഞെടുപ്പ്‌ മുതല്‍ സി.പി.എം. വ്യാപകമായി നടപ്പില്‍ വരുത്തിയ ആര്‍.എസ്‌.എസ്‌. ബാന്ധവത്തിന്റെ ആത്മധൈര്യമാണ്‌ മേയര്‍ക്കും ചെയര്‍മാനും കാവിയണിയാന്‍ മനോബലം ഊര്‍ജ്ജം പകരുന്നത്‌.

കാസര്‍ക്കോട്‌ മുതല്‍ പാറശ്ശാല വരെ നീണ്ടുകിടക്കുന്നുണ്ട്‌ സി.പി.എമ്മിന്റെ കാവി പ്രണയം. 15 അംഗങ്ങളുള്ള കാസര്‍ക്കോട്‌ ജില്ലാ പഞ്ചായത്തില്‍ ഏഴുപേരുടെ ബലത്തിലാണ്‌ സി.പി.എം. ഭരണം നടത്തുന്നത്‌. രണ്ടു തവണ യു.ഡി.എഫ്‌. പക്ഷത്ത്‌ നിന്ന്‌ അവിശ്വാസം വന്നപ്പോഴും വോട്ടെടുപ്പ്‌ സമയത്ത്‌ തന്ത്രപൂര്‍വ്വം വിട്ടുനിന്ന്‌ മാര്‍ക്‌സിസ്റ്റ്‌ ഭരണത്തിന്‌ ആയുസ്സ്‌ നീട്ടിക്കൊടുത്തു ബി.ജെ.പി. പകരം കുമ്പഡാജ പഞ്ചായത്തില്‍ യു.ഡി.എഫിന്റെ അവിശ്വാസ പ്രമേയം വരുമ്പോള്‍ ബി.ജെ.പി.യുടെ പ്രസിഡണ്ട്‌ സ്ഥാനം നിലനിര്‍ത്താന്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ മാറിനിന്നു കൊടുക്കും. പ്രത്യുപകാരത്തിന്‌ പ്രത്യുപകാരമായി ഓര്‍ക്കാടി പഞ്ചായത്തില്‍ സി.പി.എമ്മിന്‌ ഭരണം പോവാതിരിക്കാന്‍ ബി.ജെ.പി.യും അവിശ്വാസ സമയത്ത്‌ അത്താണിയായി നില്‌ക്കും. കാസര്‍ക്കോട്ടെ സഹകരണ സ്ഥാപനങ്ങളില്‍ സംഘ്‌പരിവാറും സി.പി.എമ്മും തമ്മിലുള്ളത്‌ സൗഹൃദത്തിനുമപ്പുറം ഒരു കൂട്ടുകുടുംബ ബന്ധമാണ്‌. കാസര്‍ക്കോട്ട്‌ പോലീസ്‌ വെടിവെപ്പുണ്ടായപ്പോള്‍ സി.പി.എം. ജില്ലാ സെക്രട്ടറിയും ബി.ജെ.പി. മേഖലാ സെക്രട്ടറിയും വാര്‍ത്താ മാധ്യമങ്ങള്‍ക്ക്‌ വായിച്ചു കൊടുത്തത്‌ ഒരേ പ്രസ്‌താവന. അതാണ്‌ ഇരട്ടക്കുട്ടികള്‍ക്ക്‌ ഒരേ സമയം പനിവരുമെന്ന്‌ പറയുന്നത്‌.

ഷൊര്‍ണ്ണൂരില്‍ ഇടതുപക്ഷ ഏകോപന സമിതി നേതാവ്‌ എം.ആര്‍. മുരളിയുടെ മുന്നേറ്റത്തെ തടുക്കാന്‍ സി.പി.എമ്മിന്‌ തുണയായത്‌ ബി.ജെ.പിയാണ്‌. സി.പി.എമ്മിനെ തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന വാശിയിലായിരുന്നു സംഘ്‌പരിവാര്‍. അച്യുതാനന്ദനുപോലുമില്ലാത്ത ആത്മാര്‍ത്ഥത. ഷൊര്‍ണ്ണൂര്‍ നഗരസഭ ഉപതെരഞ്ഞെടുപ്പില്‍ ഒമ്പത്‌ സീറ്റുകളിലും സി.പി.എമ്മിനെ കരപറ്റിക്കാന്‍ ബി.ജെ.പി. തുഴഞ്ഞുനീന്തി. തെരഞ്ഞെടുപ്പ്‌ സമയത്ത്‌ ബി.ജെ.പി. ജില്ലാ പ്രസിഡണ്ടിന്റെ ഫോണിലേക്ക്‌ ഒരു ദിവസം 29 കോളുകള്‍ വരെ സി.പി.എം ജില്ലാ നേതാവ്‌ വിളിച്ചതായി വിശദ ബില്ലു സഹിതം വാര്‍ത്തകള്‍ വന്നു. ഇതിലൊരു കോള്‍ ഒന്നരമണിക്കൂറും മറ്റൊന്ന്‌ മുക്കാല്‍ മണിക്കൂറും ദൈര്‍ഘ്യമുള്ളത്‌. ഒറ്റപ്പാലം എം.എല്‍.എ. എം. ഹംസയുടെ അത്യുത്സാഹം കൊണ്ട്‌ ബി.ജെ.പി, അവസാന നിമിഷം വരെ കൈവിടാതെ കൂടെ നിന്നു. കരാര്‍ പാലിച്ചു. പക്ഷേ ബി.ജെ.പി.യല്ലല്ലോ വോട്ടിംഗ്‌ യന്ത്രം. ജനം മുരളി പറഞ്ഞേടത്ത്‌ കുത്തി. ഷൊര്‍ണ്ണൂര്‍ നഗരസഭയില്‍ സി.പി.എം. ചെയര്‍പേഴ്‌സണെതിരെ മുരളി അവിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോഴും ബി.ജെ.പി. ഉണ്ട ചോറ്‌ മറന്നില്ല. സി.പി.എമ്മിനെ നിലനിര്‍ത്താന്‍ ചങ്ക്‌ പറിച്ചുകൊടുക്കും അവര്‍ എന്ന്‌ തെളിയിച്ചു. ഒറ്റപ്പാലത്തെ ലക്കിടി പേരൂര്‍ പഞ്ചായത്തില്‍ യു.ഡി.എഫ്‌. വിജയം ഉറപ്പായ സീറ്റില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ തല്‍സമയം പിന്‍വലിച്ചാണ്‌ ബി.ജെ.പി. ഇടത്‌ മുന്നണിയെ വിജയതിലകമണിയിച്ചത്‌. ഒറ്റപ്പാലത്ത്‌ ബി.ജെ.പി. വോട്ട്‌ സ്ഥിരമായി മരവിച്ച്‌ കിടക്കുന്നതിനാല്‍ സി.പി.എമ്മിന്‌ ചില സീറ്റുകളില്‍ സ്ഥിരമായി ജയിച്ചു നടക്കാം.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡണ്ടായിരുന്ന കെ. രാമന്‍പിള്ളയുമായി സഖ്യം മാത്രമല്ല സി.പി.എമ്മുണ്ടാക്കിയത്‌. വേദി പങ്കിടലുമായിരുന്നു. മുന്നണി നേതാവിനൊത്ത മുഹബ്ബത്തോടെയാണ്‌ രാമന്‍പിള്ളയെ സി.പി.എമ്മുകാര്‍ സ്വീകരിച്ചാനയിച്ചിരുന്നത്‌.

വിശ്വഹിന്ദു പരിഷത്തിന്റെ തലതൊട്ടപ്പന്‍ പ്രവീണ്‍ തൊഗാഡിയ കേരളത്തില്‍ ലോട്ടറിക്കച്ചവടക്കാരനെ പോലെ കവലതോറും പ്രസംഗിച്ചു നടക്കുകയാണ്‌. 2003-ല്‍ മാറാടിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലിറങ്ങിയ തൊഗാഡിയക്ക്‌ വേദിയില്‍ കയറാന്‍ പറ്റാതെ തിരിച്ചുപോവേണ്ടി വന്നു. ഹോട്ടല്‍ മുറിയിലിരുന്ന്‌ മൊബൈല്‍ ഫോണ്‍ വഴിയാണ്‌ തൊഗാഡിയ അന്ന്‌ അണികളെ മൂപ്പിച്ചത്‌. യു.ഡി.എഫായിരുന്നു കേരളം ഭരിച്ചിരുന്നത്‌ എന്നത്‌ മാത്രമായിരുന്നു തൊഗാഡിയയുടെ സൈ്വര്യവിഹാരത്തിന്‌ തടസ്സം. കാലം മാറി. ആഭ്യന്തരം സി.പി.എമ്മിനായപ്പോള്‍ അതേ തൊഗാഡിയ പലവട്ടം വന്നു കേരളത്തില്‍. പൊതുവേദികളില്‍ കയറി നിരങ്ങി. ആവുന്നത്ര വിഷം ചീറ്റി. സാക്ഷാല്‍ നരേന്ദ്രമോഡിക്ക്‌ ഇടത്‌ ഭരണ കേരളം അനന്തപുരിയില്‍ രാജോചിത വരവേല്‌പ്‌ നല്‍കി. ഗുജറാത്തിലെ തീപ്പന്തത്തിന്‌ സുഖസൗകര്യങ്ങളുടെ ഒരു കുറവും വരാതിരിക്കാന്‍ കണ്ണിലെണ്ണയൊഴിച്ച്‌ കാവലിരുന്നു കോടിയേരി. അതാണ്‌ ആത്മബന്ധത്തിന്റെ തൂവല്‍സ്‌പര്‍ശം.
1994-ല്‍ മുസ്‌ലിം യൂത്ത്‌ലീഗ്‌ ജില്ലാ കമ്മിററി മലപ്പുറം ജില്ലയുടെ രജതജൂബിലി ആഘോഷത്തിന്‌ മുഖ്യാതിഥിയായി ക്ഷണിച്ചു ഇ.എം.എസ്‌. നമ്പൂതിരിപ്പാടിനെ. ജില്ലാ രൂപീകരണ കാലത്തെ മുഖ്യമന്ത്രി എന്ന നിലക്ക്‌. ക്ഷണം സ്വീകരിച്ചുവെങ്കിലും അദ്ദേഹം വന്നില്ല. അന്ന്‌ ആര്‍.എസ്‌.എസ്‌ സംഘടിപ്പിച്ച ഒരു സെമിനാര്‍ കിട്ടി നമ്പൂതിരിപ്പാടിന്‌ പങ്കെടുക്കാന്‍. പിന്നീടേറ്റത്‌. ആര്‍.എസ്‌.എസ്സും ഇ.എം.എസ്സും തമ്മിലുള്ള സാമ്യം വെറുമൊരു `എസ്‌' മാത്രമല്ലല്ലോ?

1985-ല്‍ ഇ.എം.എസ്സും സി.പി.എമ്മും അഴിച്ചുവിട്ട ശരീഅത്ത്‌ വിരുദ്ധ പ്രചാരണങ്ങള്‍ മുസ്‌ലിം സമുദായത്തെ അപകീര്‍ത്തിക്കിരയാക്കി ഒറ്റപ്പെടുത്താനുള്ള ശ്രമമായിരുന്നു. 1983-ല്‍ മുക്രി-ഖത്തീബുമാര്‍ക്ക്‌ വഖഫ്‌ ബോര്‍ഡ്‌ മുഖേന പെന്‍ഷന്‍ നല്‍കാന്‍ യു.ഡി.എഫ്‌ സര്‍ക്കാര്‍ തീരുമാനിച്ചത്‌ മുതല്‍ ഇ.എം.എസ്‌. വര്‍ഗ്ഗീയ പ്രചാരണം തുടങ്ങിവെച്ചിരുന്നു. ഇ.എം.എസിന്റെ ശ്രമം 1987-ല്‍ ലക്ഷ്യംകണ്ടു. മുസ്‌ലിം സംഘടനകളുടെ പ്രത്യക്ഷ കൂട്ടില്ലാതെ ഒരു ഇടത്‌ ഭരണം. ന്യൂനപക്ഷ വിരുദ്ധ വികാരമായിരുന്നു നമ്പൂതിരിപ്പാടിന്റെ തുരുപ്പ്‌ ശീട്ട്‌.

1984-ല്‍ രണ്ട്‌ സീറ്റ്‌ മാത്രമായിരുന്ന ബി.ജെ.പി.ക്ക്‌ കോണ്‍ഗ്രസ്‌ വിരുദ്ധ സഖ്യങ്ങള്‍ വഴി കരുത്ത്‌ പകര്‍ന്നു സി.പി.എം. 1989 ആയപ്പോള്‍ അഡ്വാനിക്ക്‌ ഉപപ്രധാനമന്ത്രി സ്ഥാനം ലഭിക്കാവുന്ന അവസ്ഥയിലേക്ക്‌ ബി.ജെ.പി. വളര്‍ന്നു. സി.പി.എം. ആ മുന്നണിയിലെ മുഖ്യ ഘടകകക്ഷിയും. 1996-ല്‍ അതേ കളി വീണ്ടും സി.പി.എം തുടര്‍ന്നു.

പള്ളി പൊളിച്ചതിനെപറ്റി പ്രസംഗിച്ച്‌ പ്രസംഗിച്ച്‌ പള്ളിയുടെ സമുദായത്തെ പിളര്‍ത്തി. പള്ളിപൊളിച്ചവരും പൊളിച്ച്‌ പ്രശ്‌നം പരിഹരിക്കാന്‍ ആവശ്യപ്പെട്ടവരും ഒന്നായി. ബി.ജെ.പി. പ്രധാനമന്ത്രി പദത്തിലെത്തി. 2009-ലും സി.പി.എം. ആഞ്ഞു ശ്രമിച്ചുനോക്കി. കൈയില്‍ കോരിയെടുക്കാന്‍ കിട്ടാത്ത വിധം ബി.ജെ.പി. ചിന്നിച്ചിതറിപ്പോയിരുന്നു അപ്പോഴേക്കും. വീണ്ടും കാവിക്ക്‌ കടുപ്പമേകാന്‍ കൈകോര്‍ക്കുകയാണ്‌ സി.പി.എം. അതിന്റെ സൂചനയാണ്‌ പാനൂരില്‍ പൂക്കുന്ന ചെന്താമര.